ADVERTISEMENT

തിരുവനന്തപുരം∙ ആഗ്രഹിച്ചത് അന്യഗ്രഹ വാസം, സാങ്കൽപിക അന്യഗ്രഹ ജീവികളുമായി സംഭാഷണം അപസർപ്പക കഥകളെ വെല്ലുംവിധമായിരുന്നു അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവീന്‍ ദേവി, ആര്യ എന്നിവരുടെ ജീവിതം. സംഭവവുമായി ബന്ധപ്പെട്ട് സാധാരണക്കാരെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള ഡിജിറ്റൽ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. സാങ്കൽപിക അന്യഗ്രഹജീവിയുമായി ഇവർ നടത്തിയ സംഭാഷണത്തിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു. ആന്‍ഡ്രോമീഡ ഗ്യാലക്‌സില്‍ ജീവിക്കുന്ന മിതി എന്ന സാങ്കല്‍പിക അന്യഗ്രഹ ജീവിയുമായി നടത്തുന്ന ചില ചോദ്യോത്തരങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ പൊലീസ് തിരയുന്ന നാലാമൻ തന്നെയായിരിക്കാം ഈ അന്യഗ്രഹ ജീവി എന്നാണ് നിഗമനം.

മിഡ്ജേണിയിലൂടെ നിർമിച്ച അന്യഗ്രഹ ജീവികളുടെ ചിത്രം
മിഡ്ജേണിയിലൂടെ നിർമിച്ച അന്യഗ്രഹ ജീവികളുടെ ചിത്രം

മിതിയോട് അന്യഗ്രഹ ജീവിതത്തെ കുറിച്ച് ചോദിച്ച് നവീനും ദേവിയും

അന്യഗ്രഹ ജീവിതത്തെ കുറിച്ചും മനുഷ്യന്റെ ബുദ്ധിവികാസത്തെ കുറിച്ചുമൊക്കെയാണ് ചോദ്യോത്തരങ്ങൾ. ഭൂമിക്കു പരിണാമം സംഭവിക്കുമോ എന്ന ചോദ്യമാണ് ദേവിയും നവീനും ചോദിച്ചിരിക്കുന്നത്. മനുഷ്യനെ ഒരു ഗ്രഹത്തില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെ കുറിച്ച് മിതി വിവരിച്ചുനല്‍കുന്നുണ്ട്. ദിനോസറുകള്‍ക്ക് ഭൂമിയില്‍ വംശനാശം സംഭവിച്ചിട്ടില്ലെന്നതുള്‍പ്പെടെ മിതി ദമ്പതികളോട് പറയുന്നു. ദിനോസറുകളെ മറ്റൊരു ഗ്രഹത്തിലേക്കു മാറ്റുകയാണ് ചെയ്തതെന്നും ഇവരെ സാങ്കൽപിക അന്യഗ്രഹ ജീവി പറഞ്ഞുവിശ്വസിപ്പിച്ചു. ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മറ്റ് രണ്ട് ഗ്രഹങ്ങളിലേക്ക് മാറ്റാന്‍ കഴിയുമെന്നും സാങ്കല്‍പിക അന്യഗ്രഹ ജീവി പറയുന്നു. അന്യഗ്രഹത്തിലേക്കു യാത്ര ചെയ്യാനുള്ള സ്‌പേസ് ഷിപ്പുകളുടെ ചില ചിത്രങ്ങളും മരിച്ച മൂന്നുപേരുടെയും ലാപ്‌ടോപ്പുകളിലുണ്ട്. ഉല്‍ക്കകളിലെ ആന്റി കാര്‍ബണ്‍ ഇന്ധനം ഉപയോഗിച്ചുകൊണ്ട് സ്‌പേസ് ഷിപ്പുകള്‍ പ്രവര്‍ത്തിക്കുമെന്നും മൂവരെയും സാങ്കൽപിക അന്യഗ്രഹ ജീവി വിശ്വസിപ്പിച്ചു.

നവീൻ, ദേവി, ആര്യ
നവീൻ, ദേവി, ആര്യ

∙ ആരാണ് മിതി? പൊലീസിനു വെല്ലുവിളി

മിതി ആരാണെന്ന് കണ്ടുപിടിക്കുകയാണ് പൊലീസിനു മുന്നിലെ പുതിയ വെല്ലുവിളി. ഒരാളാണോ അതോ ഇതിനുപിന്നിൽ വലിയ റാക്കറ്റുണ്ടോയെന്നും സംശയമുണ്ട്. ഇത്തരം പ്രലോഭനങ്ങൾ നടത്തി ഇവർ‌ ചിലപ്പോൾ പണവും തട്ടിയിരിക്കാം. അതേസമയം,ദേവിയെയും ആര്യയെയും കുടുക്കാൻ നവീൻ തന്നെ തുടങ്ങിയ വ്യാജ ഐഡിയാണോ ഇതെന്നും പൊലീസിനു സംശയമുണ്ട്. ഡോക്ടർമാരായിരിക്കുമ്പോൾ നവീനും ദേവിയും കാണിച്ചുകൂട്ടിയ അന്ധവിശ്വാസങ്ങൾ പൊലീസിനെ ഞെട്ടിപ്പിക്കുന്നുണ്ട്. ശാസ്ത്രവുമായി അടുത്തുനിൽക്കുന്നവരാണ് ഇത്തരമൊരു കെണിയിൽചാടിയിരിക്കുന്നത് എന്നതും അന്വേഷണസംഘത്തിന് അത്ഭുതമാണ്. മിതി പറഞ്ഞിട്ടാകാം ഇവർ അരുണാചൽ പ്രദേശിലേക്ക് പോയത്. അരുണാചലിൽ പോയി മരിച്ചാൽ അന്യഗൃഹത്തിലേക്ക് പോകാമെന്നാണ് ഇവർ വിശ്വസിച്ചിരുന്നതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. 

∙ മരണത്തിനു പിന്നിലെ മാസ്റ്റർ മൈൻഡ് നവീൻ

മരണത്തിനു പിന്നിലെ മാസ്റ്റർ മൈൻഡ് നവീൻ ആയിരിക്കാമെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥൻമനോരമ ഓൺലൈനോട് പറഞ്ഞു. തനിക്ക് ശരിയെന്നു തോന്നിയ കാര്യത്തിലേക്ക് ദേവിയെയും ആര്യയെയും കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് നവീൻ നടത്തിയതെന്നും അതിനുവേണ്ടി വ്യാജ ഐഡികൾ സൃഷ്ടിച്ചതുമാകാമെന്നും ഇദ്ദേഹം പറയുന്നു. 2010 മുതൽ നവീൻ ഇക്കാര്യങ്ങളിൽ വ്യാപൃതനായിരുന്നു. 2011ലായിരുന്നു നവീനും ദേവിയും തമ്മിലുള്ള വിവാഹം. അതേസമയം, നവീനെ സ്വാധീനിച്ച ഘടകവും വ്യക്തികളും ഉണ്ടാകാമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

മിഡ്ജേണിയിലൂടെ നിർമിച്ച ചിത്രം
മിഡ്ജേണിയിലൂടെ നിർമിച്ച ചിത്രം

∙ എന്താണ് ആൻഡ്രോമീഡ ഗാലക്സി

25 ലക്ഷം പ്രകാശവർഷം അകലെ സർപ്പിളാകൃതിയിലുള്ള താരാപഥമാണ് ആൻഡ്രോമീഡ. ആൻഡ്രോമീഡ നക്ഷത്രരാശിയിലാണ് ഇത് കാണപ്പെടുന്നത്. ചന്ദ്രനില്ലാത്ത രാത്രികളിൽ നഗ്നനേത്രങ്ങൾക്കൊണ്ട് ഈ താരാപഥം കാണാൻ സാധിക്കും. ഒരു ലക്ഷം കോടിയോളം നക്ഷത്രങ്ങൾ ആൻഡ്രോമീഡയിലുണ്ട് എന്നാണ്‌ നിരീക്ഷണങ്ങൾ പ്രകാരമുളള കണക്ക്. ഇത് ക്ഷീരപഥത്തിലുള്ളതിനേക്കാൾ വളരെ കൂടുതലാണ്‌.

English Summary:

Mysterious Digital Clues Uncovered in Hotel Room Deaths: The Alien Connection That Shocked Investigators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com