തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് എംഎൽഎയായ ഭാര്യയോടൊപ്പം താമസിക്കാനാകില്ല; ബിഎസ്പി സ്ഥാനാർഥി വീടുവിട്ടിറങ്ങി
Mail This Article
ഭോപാൽ∙ മധ്യപ്രദേശിലെ ബാലാഘട്ട് മണ്ഡലത്തിൽ നിന്നുള്ള ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ലോക്‌സഭാ സ്ഥാനാർഥി കങ്കർ മുഞ്ചാരെ, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീട് വിട്ടിറങ്ങി. കോൺഗ്രസ് എംഎൽഎയായ ഭാര്യ അനുഭ മുഞ്ചാരെയോടുള്ള ആശയപരമായ എതിർപ്പ് കാരണമാണ് അദ്ദേഹം വീട് വിട്ടത്. വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന രണ്ട് പേർ വോട്ടെടുപ്പ് സമയത്ത് ഒരു കുടക്കീഴിൽ താമസിക്കരുതെന്നാണ് ബിഎസ്പി സ്ഥാനാർഥിയുടെ അഭിപ്രായം.
ഏപ്രിൽ 19ന് പോളിങ്ങ് അവസാനിച്ച ശേഷം താൻ വീട്ടിലേക്ക് മടങ്ങിവരുമെന്നാണ് കങ്കർ മുഞ്ചാരെ പറയുന്നത്. ‘വെള്ളിയാഴ്ചയാണ് ഞാൻ എന്റെ വീട് വിട്ടിറങ്ങിയത്. ഡാമിനു അരികെയുള്ള ഒരു കുടിലിലാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. ഒരു വീടിനുള്ളിൽ രണ്ട് ആശയഗതിയുള്ള രണ്ടുപേർ ഒരുമിച്ച് താമസിച്ചാൽ അത് ജനങ്ങൾ തെറ്റിദ്ധരിക്കും’– കങ്കർ മുഞ്ചാരെ പറഞ്ഞു. അതേസമയം, കങ്കർ മുഞ്ചാരെയുടെ തീരുമാനത്തിൽ ഭാര്യയും എംഎൽഎയുമായ അനുഭ മുഞ്ചാരെ തൃപ്തയല്ല.
‘ഭർത്താവിന്റെ നിലപാടിൽ എനിക്ക് വേദനയുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിൽ ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഞങ്ങൾ വിവാഹിതരായിട്ട് 33 വർഷമായി. ഞങ്ങളുടെ മകനോടൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാലാഘട്ടിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി സാമ്രാട്ട് സരസ്വത്ത് വിജയിക്കുന്നത് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. ഞാൻ ആത്മാർഥതയുള്ള കോൺഗ്രസുകാരിയാണ്. പ്രചാരണ വേളയിൽ എന്റെ ഭർത്താവിനെ കുറിച്ച് മോശമായി ഒന്നും പറയില്ല’ – അനുഭ മുഞ്ചാരെ പറഞ്ഞു.