ADVERTISEMENT

ചേർത്തല∙ സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിൽ ഒന്നിൽപോലും ബിജെപി ജയിക്കില്ല. ഒരു മണ്ഡലത്തിലും ബിജെപിക്കു രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ആലപ്പുഴയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

‘‘വർഗീയതയെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ല. സംഘപരിവാർ ഉയർത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിർക്കുകയും അവരെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള ചാലകശക്തിയായി പ്രവർത്തിക്കുകയും ചെയ്യും.  യുഎപിഎ, പിഎംഎൽഎ തുടങ്ങിയ കരിനിയമങ്ങളെ റദ്ദാക്കുമെന്നു സിപിഎം, പ്രകടനപത്രികയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് പ്രകടനപത്രികയിൽ ഇതു കാണാൻ കഴിയില്ല. സിഎഎ വിഷയത്തിൽ കോണ്‍ഗ്രസിന്റേതു കുറ്റകരമായ മൗനം.’’– മുഖ്യമന്ത്രി പറഞ്ഞു.

‘‘2016 ൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. ബിജെപിയുടെ കരുത്തിന്റെ ഭാഗമായി തുറന്നതല്ല.  ബിജെപിക്ക് പോലും അങ്ങനെ അവകാശപ്പെടാനാവില്ല. 2021ലെ തിരഞ്ഞെടുപ്പിൽ ആ അക്കൗണ്ട് ഞങ്ങൾ പൂട്ടിച്ചു. വി.ശിവൻകുട്ടി അവിടെനിന്നാണ് ജയിച്ചത്. 2011 ൽ 17.38 ശതമാനം വോട്ട് യുഡിഎഫിന് നേമത്തുണ്ടായിരുന്നു. 2016 ൽ 9.7 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ട് എവിടെപ്പോയി. ആ വോട്ട് ചെന്നപ്പോഴാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യമൊരുക്കി യുഡിഎഫ്. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ’’–മുഖ്യമന്ത്രി പറഞ്ഞു. 

പാനൂർ ബോംബ് സ്ഫോടനം

പാനൂരിൽ ബോംബുണ്ടാക്കുന്നതായി വിജിലൻസ് റിപ്പോർട്ട് ഉണ്ടോ എന്നറിയില്ല. എവിടെ നിന്നാണ് ഇത്തരം വിവരങ്ങൾ? നിയമവിരുദ്ധമായ കാര്യമാണ് അവിടെ നടന്നത്. ശക്തമായ നിയമനടപടിയിലൂടെ നേരിടും. സംഭവവുമായി ഒരു ബന്ധവുമില്ലെന്നു സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ആർക്കെതിരെ കലാപമുണ്ടാക്കാൻ? എൽഡിഎഫ് നല്ല രീതിയിൽ ജയിക്കാൻ പോകുകയാണ്. 

വിദേശ സർവകലാശാലകൾ

‌വിദേശ സർവകലാശാലകൾ വരുന്നതു സർക്കാർ പരിശോധിക്കുമെന്നാണ് ബജറ്റിൽ പറഞ്ഞത്. അത് അംഗീകാരമല്ല. സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാർട്ടി നിലപാട് വ്യക്തമാക്കി. വിദേശ സർവകാലാശാലകൾക്കു സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ല. 

കോഴിക്കോട് മെഡിക്കൽ കോളജ് കേസ്

കോഴിക്കോട് മെഡിക്കൽ കോളജ് സംഭവത്തിൽ ഹൈക്കോടതി നിർദേശം പാലിക്കുമെന്നാണു മന്ത്രി വീണാ ജോർജ് പറഞ്ഞതെന്നാണു ഞാൻ മനസ്സിലാക്കിയത്. അവിടെ അരുതാത്ത ചിലതു സംഭവിച്ചു. വകുപ്പു തലത്തിൽ നടപടിയെടുക്കുന്നുണ്ട്. അത് ആരോടെങ്കിലും വിരോധമോ താൽപര്യമോ വച്ചുകൊണ്ടല്ല. അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വിവരം കോടതിയെ അറിയിക്കുമെന്നും അതിൽ കോടതിയുടെ നിർദേശം പാലിക്കുമെന്നുമാണു മന്ത്രി പറഞ്ഞത്.

English Summary:

Pinarayi Vijayan says BJP will not win in a single constituency in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com