ADVERTISEMENT

കണ്ണൂർ∙ പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ‘‘അത് എനിക്കറിയില്ല. അറിയില്ലെന്നു പറഞ്ഞില്ലേ. അതിന് ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ പോയതിനേക്കുറിച്ച് അന്വേഷിച്ചോട്ടെ. പാർട്ടിക്ക് യാതൊരു ബന്ധവുമില്ല’’ – മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ആവർത്തിച്ചു ചോദിച്ചപ്പോൾ ദേഷ്യത്തോടെ ഗോവിന്ദൻ പ്രതികരിച്ചു.

‘‘ആ സ്ഫോടനവുമായോ അതുമായി ബന്ധപ്പെട്ടവരുമായോ ഉള്ള ബന്ധം പ്രത്യേകിച്ച് തള്ളേണ്ട കാര്യമൊന്നുമില്ല. പാർട്ടിക്ക് അതുമായി യാതൊരു ബന്ധവുമില്ല. പാർട്ടി സഖാക്കളെത്തന്നെ ആക്രമിച്ച കേസിലെ പ്രതികളാണ് അവർ.’’ – ഗോവിന്ദൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരുവന്നൂരിൽ എത്തിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടല്ലോയെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ‘അയാൾ അവിടെത്തന്നെ താമസിച്ചാലും കുഴപ്പമില്ല’ എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അദ്ദേഹം ഇവിടെത്തന്നെ 26–ാം തീയതി വരെയോ 25 വരെയോ താമസിച്ചാലും കുഴപ്പമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

‘‘ഇ.ഡിയും ആദായനികുതി വകുപ്പും ഒരുതരം ഗുണ്ടായിസമാണ് സിപിഎമ്മിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. നിയമപരമായ കാര്യങ്ങളെല്ലാം വിട്ട് പാർട്ടിയെ ഭയപ്പെടുത്താനുള്ള നീക്കങ്ങളാണ് അവർ നടത്തുന്നത്. അതു നിയമപരമല്ല. നിയമപരമല്ലാത്ത എല്ലാറ്റിനെയും നിയമപരമായി കൈകാര്യം ചെയ്യുകയാണ് ഉദ്ദേശിക്കുന്നത്. അക്കൗണ്ട് മരവിപ്പിച്ച നടപടിയെയും നിയമപരമായി നേരിടും. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട.’’ – ഗോവിന്ദൻ പറഞ്ഞു.

തൃശൂർ ജില്ലാക്കറ്റിയുടെ ഇടപാടുകളെല്ലാം സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നും ചോദ്യത്തിന് ഉത്തരമായി ഗോവിന്ദൻ പറഞ്ഞു. ‘അതിലൊക്കെ എന്താണ് സംശയം? ഞങ്ങൾക്ക് അറിയാത്ത എന്തെങ്കിലും ഇടപാടുകളുണ്ടാകുമോ? എല്ലാം സുതാര്യമല്ലേ? ഞങ്ങൾ ഇതിന്റെ കണക്കെല്ലാം കേന്ദ്ര സർക്കാരിനു കൊടുക്കുന്നതല്ലേ. ഈ കണക്കും കൊടുത്തതല്ലേ. ഏതു കണക്കാണ് കൊടുക്കാൻ ബാക്കിയുള്ളത്. 14 ജില്ലകളിലെയും സംസ്ഥാന കമ്മിറ്റിയുടെയും കണക്കുകൾ ഞങ്ങൾ കൊടുത്തതാണ്. ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തിൽ അന്വേഷിക്കേണ്ട കാര്യമെന്താണ്? അത് അവിടെയുള്ള അക്കൗണ്ടല്ലേ? അത് പ്രത്യേകം അന്വേഷിക്കേണ്ട കാര്യമുണ്ടോ?’’ – ഗോവിന്ദൻ ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com