എം.വി.ബാലകൃഷ്ണന്റെ പേരിലുള്ള ഈദ് ആശംസാ കാർഡ് വിവാദത്തിൽ; വിതരണം ചെയ്തില്ലെന്ന് എൽഡിഎഫ്
Mail This Article
കാസർകോട്∙ കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ പേരിൽ ഇറക്കിയ ഈദ് ആശംസാ കാർഡ് വിവാദമായി. കറുത്ത പശ്ചാത്തലത്തിൽ, തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവും ചേർത്തിറക്കിയ കാർഡ് മണ്ഡലത്തിൽ പ്രചരിച്ചതോടെ വിവാദമാകാനിടയുള്ള കാര്യം ചിലർ നേതാക്കളെ അറിയിച്ചു. ഇതോടെയാണ് അബദ്ധം പിണഞ്ഞത് നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കാർഡ് വിതരണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലും കാർഡ് വിതരണം ആരംഭിച്ചിരുന്നു.
ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്റെ പേരിൽ 25,000 കാർഡുകളാണ് അച്ചടിച്ചതെന്ന് കാർഡിൽ ചേർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുൻനിരയിലെത്താൻ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാമെടുത്ത് തൊടുക്കുന്നതിനിടെയാണ് ഇടതുമുന്നണി സ്ഥാനാർഥിക്ക് ഈദ് ആശംസാ കാർഡ് പുലിവാലായത്. കാർഡ് പിൻവലിക്കാൻ നിർദേശം നൽകിയെങ്കിലും ഇക്കാര്യത്തിൽ നേതൃത്വത്തിനു ഗുരുതര വീഴ്ചയുണ്ടായെന്നും എതിരാളികൾക്ക് അടിക്കാൻ വടി നൽകുകയായിരുന്നെന്നുമാണ് ഉയരുന്ന ആക്ഷേപം. എന്നാൽ ജാഗ്രതയോടെയായിരുന്നു എൽഡിഎഫ് പ്രതികരണം. പ്രിന്റിങ് കഴിഞ്ഞപ്പോൾ തന്നെ ചിഹ്നത്തിലെ അരിവാളിന്റെ പശ്ചാത്തലത്തിൽ ചന്ദ്രക്കല പോലെ തോന്നുന്ന കാര്യം ശ്രദ്ധയിൽ പെട്ടെന്നും അതിനാൽ വിതരണം ചെയ്തില്ലെന്നും കാർഡുകൾ പൂർണമായി പിൻവലിച്ചെന്നും എൽഡിഎഫ് കാസർകോട് പാർലമന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രൻ പറഞ്ഞു. റംസാൻ ആശംസകൾ എന്ന് കാർഡിൽ അച്ചടിച്ചത് പിഴവാണെന്നും എൽഡിഎഫ് ഭാരവാഹികൾ പറഞ്ഞു.
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെയാണ് കൊതുകിനു കൗതുകമെന്ന് എൽഡിഎഫ് ഈദ് ആശംസാ കാർഡ് വിവാദമായ സാഹചര്യത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു. മതപരമായ വിശ്വാസത്തിനിടയിലും രാഷ്ട്രീയം കളിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇക്കാര്യത്തിൽ പാർട്ടിയിൽ ആലോചിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു. എൽഡിഎഫിന്റെ കൈവശം ധാരാളം പണമുണ്ടെന്നും അതിന്റെ ദുരുപയോഗമാണു തിരഞ്ഞെടുപ്പിൽ നടത്തുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.