‘കേരള സ്റ്റോറി കേരള വിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായ സിനിമ; നിരോധിക്കണമെന്ന നിലപാടില്ല’
Mail This Article
തിരുവനന്തപുരം∙ കേരള സ്റ്റോറി സിനിമ കേരള വിരുദ്ധവും സാമൂഹിക വിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരള സ്റ്റോറി സിനിമയെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. കലാപരമായി മൂല്യമുള്ളതും മൂല്യമില്ലാത്തതുമായ ഒട്ടനവധി സിനിമകൾ സിപിഎമ്മിനെതിരെ വരുന്നുണ്ട്. എന്നാൽ അതിനെയൊക്കെ നിരോധിച്ചല്ല പരിഹാരം കാണേണ്ടത്. ആശയത്തെ ആശയപരമായി നേരിടണം. അതിൽ സിപിഎമ്മിനു വ്യക്തതയുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
വിവാദപരമായ ഉള്ളടക്കമുള്ള സിനിമ ഔദ്യോഗികതലത്തിൽ സംപ്രേഷണം ചെയ്തതിനെയാണ് എതിർത്തതെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. അതിവിപുലമായി ആശയപ്രചാരണം നടത്തുന്ന പാർട്ടിയാണ് സിപിഎം. ഏതെങ്കിലും ആശയത്തെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. കേരള സ്റ്റോറിയെ കൃത്യതയോടെ തുറന്നുകാണിക്കാൻ സിപിഎമ്മിനു കഴിയും. സാമൂഹികമായി ഒന്നും സംഭാവന ചെയ്യാതെ വിപരീത ദിശയിൽ സഞ്ചരിക്കുന്ന ഒരു സിനിമയാണ് കേരള സ്റ്റോറിയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.