16 മണിക്കൂർ, കിണറ്റിൽനിന്ന് കാട്ടാനയെ കരയ്ക്കു കയറ്റി; മയക്കുവെടി വച്ചില്ല, പ്രതിഷേധിച്ച് നാട്ടുകാർ
Mail This Article
കോതമംഗലം ∙ 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കാട്ടാനയെ കരയ്ക്കു കയറ്റി. കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെയാണു കരയ്ക്കു കയറ്റിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിടിച്ച് ആനയ്ക്കു വഴിയൊരുക്കുകയായിരുന്നു. ആനയെ വനത്തിലേക്കു തുരത്താനുള്ള ശ്രമത്തിലാണു വനംവകുപ്പ്. പുലർച്ചെ രണ്ടുമണിയോടെയാണ് ആന കിണറ്റിൽ വീണത്.
വനത്തിലേക്ക് മൂന്നു കിലോമീറ്ററോളം ദൂരമുണ്ട്. പടക്കം പൊട്ടിച്ച് ആനയെ തുരത്താനാണു ശ്രമം. മയക്കുവെടി വയ്ക്കാതെ ആനയെ ജനവാസ മേഖലയിലേക്ക് എത്തിച്ചെന്ന് ആരോപിച്ച് വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ആവശ്യമെങ്കിൽ മാത്രം കിണറ്റിലെ വെള്ളം വറ്റിച്ചശേഷം മയക്കുവെടി വയ്ക്കുമെന്നാണു മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചിരുന്നത്. കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ അടുത്ത 24 മണിക്കൂർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
∙ 16 മണിക്കൂർ കിണറ്റിൽ
കഴിഞ്ഞ 16 മണിക്കൂറോളമായി ആന ചതുരാകൃതിയിലുള്ള കിണറ്റിലായിരുന്നു. ആന കരയ്ക്കു കയറിയാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ അധികൃതർ ദൂരേക്കു മാറ്റി. പുലർച്ചെയാണു കാട്ടാനക്കൂട്ടത്തിലെ 10 വയസ്സു തോന്നിക്കുന്ന കൊമ്പൻ ആഴം കുറഞ്ഞ കിണറ്റിൽ വീണത്. രാവിലെ എട്ടുമണിയോടെ ആന കിണറ്റിൽനിന്ന് സ്വയം കരകയറാനുള്ള ശ്രമങ്ങൾ തുടങ്ങി. കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്കു കയറാനാണ് ആന ശ്രമിച്ചത്. ആനയുടെ ശരീരത്തിൽ ഒട്ടേറെ ഭാഗത്തു മുറിവേറ്റിട്ടുണ്ട്. ആന നിലവിൽ ക്ഷീണിതനാണെന്നു നാട്ടുകാർ പറഞ്ഞു.
∙ സ്ഥലമുടമയ്ക്ക് എതിർപ്പ്
ആന വീണ കിണറുള്ള സ്ഥലത്തിനു മൂക്കാൽ കിലോമീറ്ററോളം അകലെയാണു ഗതാഗത യോഗ്യമായ റോഡുള്ളത്. അതുകൊണ്ടു തന്നെ മണ്ണുമാന്തി യന്ത്രം കൊണ്ടു വന്ന് കിണർ ഇടിച്ച് ആനയെ കരകയറ്റാനുള്ള ശ്രമങ്ങൾ സംബന്ധിച്ചു രാവിലെ മുതൽ ചർച്ച തുടങ്ങിയിരുന്നു. എന്നാൽ ചെറിയ ഉപറോഡിലേക്ക് എത്തണമെങ്കിൽ പോലും സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ റോഡ് വെട്ടണം. ഇതിനോടു സ്ഥലമുടമ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും ഭീമമായ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
∙ സ്ഥിരപരിഹാരം വേണമെന്ന് നാട്ടുകാർ
മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനംവകുപ്പും എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്തു ചർച്ചകൾ നടത്തുകയാണ്. ആനയെ മയക്കുവെടി വയ്ക്കണമെന്നാണു പൊതുവികാരമെന്നു സ്ഥലത്തെത്തിയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി അഭിപ്രായപ്പെട്ടിരുന്നു. ആന കിണറ്റിൽനിന്ന് കരകയറിയാൽ പോലും അടുത്തുള്ള വനത്തിലേക്കു പോവുകയും വീണ്ടും തിരിച്ചെത്തുമെന്നും നാട്ടുകാർ പറയുന്നു. അതുകൊണ്ട് സ്ഥിരമായ ഒരു പരിഹാരമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ആന വീണ കിണർ നന്നാക്കി കുടിവെള്ളം എടുക്കുന്ന രൂപത്തിലാക്കണമെങ്കിൽ കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും ചെലവ് വരും. ഇതും ഉടൻ നൽകണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
നിരന്തരം വന്യമൃഗ ശല്യം നേരിടുന്ന പ്രദേശമാണ് ഇവിടം. ആന നിരന്തരം കൃഷി നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതും പതിവാണ്. ഇതിനെ തുടര്‍ന്നു നഷ്ടപരിഹാരം തേടി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങിയിട്ടും രക്ഷയില്ലാത്ത സാഹചര്യത്തിലായിരുന്നു നാട്ടുകാർ. ആന വീണ കിണറിൽനിന്നാണു സമീപത്തെ പത്തോളം വീട്ടുകാർ കുടിവെള്ളം എടുക്കുന്നത്. പുലർച്ചെ ആന വീണതറിഞ്ഞതോടെ വലിയ ജനക്കൂട്ടം ഇവിടെയെത്തി. തുടർന്ന് വലിയ തോതിൽ പ്രതിഷേധവും ഉണ്ടായി. വന്യമൃഗശല്യത്തിനു സ്ഥിരമായ പരിഹാരം ഉണ്ടാകുമെന്നു രേഖാമൂലം എഴുതി നൽകണമെന്നാണു നാട്ടുകാരുടെ ആവശ്യം.