ADVERTISEMENT

കോഴിക്കോട്∙ ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനാവശ്യമായ തുക രണ്ടു ദിവസത്തിനുള്ളിൽ കൈമാറുമെന്നു ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സൗദി അറേബ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനു രണ്ടു പേരെ ചുമതലപ്പെടുത്തി. ഇനി വരുന്ന ഫണ്ടുകൾ സ്വീകരിക്കേണ്ട എന്നാണു തീരുമാനം. നിയമോപദേശം തേടിയശേഷമായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത്. റഹീം നാട്ടിൽ എത്തുന്നതുവരെ ട്രസ്റ്റ് നിലനിർത്തും. തുക എത്രയും പെട്ടെന്നു കൈമാറാനാണു നീക്കം. ബാങ്കുമായി സംസാരിച്ചു രണ്ടു ദിവസത്തിനകം തന്നെ തുക കൈമാറാൻ ശ്രമിക്കും. റിസർവ് ബാങ്കിന്റെ അനുമതി നേരത്തെ തന്നെ വാങ്ങിയിരുന്നു. എംബസി വഴിയാണു പണം കൈമാറുന്നതെന്നും ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ചെയർമാൻ സുരേഷ്, കൺവീനർ ആലിക്കുട്ടി എന്നിവർ അറിയിച്ചു. 

സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ (42) മോചനത്തിനുള്ള ധനസമാഹരണ ദൗത്യം ഇന്നലെ, നിശ്ചയിച്ചതിനും 2 ദിവസം മുൻപേ ലക്ഷ്യത്തിലെത്തി. വധശിക്ഷ ഒഴിവാക്കാൻ 34 കോടി രൂപ ദയാധനമാണ് ആവശ്യമായിരുന്നത്. 

അബ്ദുൽ റഹീം 2006ൽ സൗദിയിൽ വീട്ടു ഡ്രൈവറായി ജോലി നോക്കുന്നതിനിടെയുള്ള അബദ്ധം മൂലം വീട്ടുടമയുടെ രോഗിയായ മകൻ മരിച്ചതാണു കേസ്. വധശിക്ഷ ഒഴിവാക്കാൻ 1.5 കോടി റിയാലാണ് (34 കോടി രൂപ) കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. 18 വർഷമായി ജയിലിൽ കഴിയുന്ന റഹീമിനെ തിരിച്ചു നാട്ടിലെത്തിക്കാൻ നാട്ടുകാർ ചേർന്നു നിയമസഹായ സമിതി രൂപീകരിച്ച് കഴിഞ്ഞമാസം തുടങ്ങിയ ചെറിയ ശ്രമം ലോകമെങ്ങുമുള്ള മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

English Summary:

"Abdul Rahim's Death Sentence Avoided through ₹34 Crore Global Fundraising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com