കേരളം കൈകോർത്തു, സൗദിയിൽ മലയാളിയുടെ വധശിക്ഷ ഒഴിവാകുന്നു
Mail This Article
കോഴിക്കോട് ∙ വധശിക്ഷ ഒഴിവാക്കാൻ 34 കോടി രൂപ ദയാധനം. അസാധ്യമെന്നു കരുതിയ ലക്ഷ്യത്തിനായി മലയാളികൾ കൈകോർത്തപ്പോൾ പിറന്നത് ‘റിയൽ കേരള സ്റ്റോറി’. സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ (42) മോചനത്തിനുള്ള ധനസമാഹരണ ദൗത്യം നിശ്ചയിച്ചതിനും 2 ദിവസം മുൻപേ ലക്ഷ്യത്തിലെത്തി. കഴിയുന്ന സംഭാവന നൽകിയ വ്യക്തികളും സന്നദ്ധ സംഘടനകളും, ബിരിയാണി ചാലഞ്ച് നടത്തിയവർ, കാരുണ്യയാത്ര നടത്തി ചില്ലറത്തുട്ടുകൾ സ്വരൂപിച്ച ബസ് സർവീസുകാർ, പെരുന്നാൾ–വിഷു കച്ചവടത്തിന്റെ ലാഭവിഹിതം കൈമാറിയ വ്യാപാര സ്ഥാപനങ്ങൾ– എല്ലാവരുമൊത്ത് കൂട്ടായ്മയുടെ പുതിയ സ്നേഹപാഠം രചിച്ചു.
അബ്ദുൽ റഹീം 2006 ൽ സൗദിയിൽ വീട്ടു ഡ്രൈവറായി ജോലി നോക്കുന്നതിനിടെയുള്ള അബദ്ധം മൂലം വീട്ടുടമയുടെ രോഗിയായ മകൻ മരിച്ചതാണു കേസ്. വധശിക്ഷ ഒഴിവാക്കാൻ 1.5 കോടി റിയാലാണ് (34 കോടി രൂപ) കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. 18 വർഷമായി ജയിലിൽ കഴിയുന്ന റഹീമിനെ തിരിച്ചു നാട്ടിലെത്തിക്കാൻ നാട്ടുകാർ ചേർന്നു നിയമസഹായ സമിതി രൂപീകരിച്ച് കഴിഞ്ഞമാസം തുടങ്ങിയ ചെറിയ ശ്രമം ലോകമെങ്ങുമുള്ള മലയാളികൾ ഏറ്റെടുത്തു.
‘ഈ ഉമ്മയുടെ കണ്ണീരൊപ്പാൻ കൈകോർക്കുക’ എന്ന പേരിൽ സേവ് അബ്ദുൽ റഹീം നിയമസഹായ കമ്മിറ്റി തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇതുവരെ അക്കൗണ്ടിലെത്തിയത് 34.45 കോടി രൂപ. ഇതോടെ ആപ്പിന്റെ പ്രവർത്തനം നിർത്തിവച്ചു. ഇന്നലെ 9 മിനിറ്റിനിടെ ഒരു കോടി രൂപയെത്തി. വിദേശത്തുനിന്നു പിരിച്ച തുക കൂടി അക്കൗണ്ടിലെത്താനുണ്ട്.
കഴിഞ്ഞ 10 ദിവസമാണ് ധനസമാഹരണം ഊർജിതമായത്. മലപ്പുറം ജില്ലയിൽ നിന്നു മാത്രം 9 കോടിയിലേറെ രൂപ ലഭിച്ചു. വ്യവസായി ബോബി ചെമ്മണൂരിന്റെ നേതൃത്വത്തിൽ അബ്ദുൽ റഹീമിനായി പ്രത്യേക യാത്ര നടത്തി. ബോബി ചെമ്മണൂരിന്റെ സംഭാവനയായി ഒരു കോടി രൂപ ഇന്നലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കു കൈമാറി. നേരത്തേ കണ്ണൂർ പഴയങ്ങാടിയിൽ അപൂർവ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കായി 18 കോടി രൂപ സമാഹരിച്ച് കേരളം ഇതുപോലെ ചരിത്രം സൃഷ്ടിച്ചിരുന്നു.
എംബസി വഴി പണം കൈമാറും
അബ്ദുൽ റഹീം റിയാദിലെത്തിയതിന്റെ 28–ാം ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സ്പോൺസറുടെ ചലനശേഷിയില്ലാത്ത മകൻ അനസിന് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് ഭക്ഷണം നൽകിയിരുന്നത്. ഹൈപ്പർമാർക്കറ്റിലേക്കു പോകുന്നതിനിടെ പിൻസീറ്റിലിരുന്ന അനസിന്റെ കഴുത്തിലെ ജീവൻരക്ഷാ ഉപകരണം അബദ്ധത്തിൽ തെന്നിമാറിയത് അബ്ദുൽ റഹീം അറിഞ്ഞില്ല.
നീണ്ട നിയമനടപടികൾക്കു ശേഷമാണ് ദയാധനം നൽകിയാൽ മാപ്പു നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. ഈമാസം 16ന് അകം തുക കൈമാറണം. 15നു മുൻപ് ഇന്ത്യൻ എംബസി മുഖേന തുക നൽകും.
∙ ‘ദുഃഖങ്ങൾ നീങ്ങി, സന്തോഷത്തിന്റെ സമയം. ഒരുമിച്ചുനിന്ന എല്ലാവർക്കും നന്ദി.’ – ഫാത്തിമ, അബ്ദുൽ റഹീമിന്റെ മാതാവ്