വനിതാ സംവരണം, ഇന്ധനവില കുറയ്ക്കും, ലോകമാകെ രാമായണ ഉത്സവം; 14 ഭാഗങ്ങളുള്ള പ്രകടനപത്രികയുമായി ബിജെപി
Mail This Article
ന്യൂഡൽഹി ∙ വനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയിൽ റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ച് വർഷവും സൗജന്യമായി നൽകും, പുതിയ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും, ഒരു രാജ്യം ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും, ഇന്ത്യയെ രാജ്യാന്തര നിർമാണ ഹബ്ബാക്കും, 70 വയസ് കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, ഏക സിവിൽ കോഡ് നടപ്പാക്കും, എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈൻ വഴി നൽകും, ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം സംഘടിപ്പിക്കും, ദരിദ്ര വിഭാഗങ്ങൾക്ക് 3 കോടി വീടുകൾ കൂടി നിർമിച്ചുനൽകും. മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തും, 6ജി നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവയ്ക്കുന്നു.
ബിജെപി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടനപത്രിക കൈമാറി. നടപ്പാക്കുന്ന വാഗ്ദാനങ്ങളെ പ്രകടനപത്രികയിൽ ഉൾപ്പെടുത്താറുള്ളുവെന്ന് പ്രകാശനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഴിമതിക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കും. സമ്പൂർണ രാഷ്ടവികസനത്തിനുള്ള രേഖയാണ് പ്രകടനപത്രികയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.