ഇന്ത്യയുടെ കാര്യം കണക്കാ; കോവിഡ് മരണക്കണക്ക് ശരിയല്ലെന്ന് ലാൻസെറ്റ് ആരോഗ്യറിപ്പോർട്ട്
Mail This Article
ന്യൂഡൽഹി ∙ ആരോഗ്യരംഗത്തെ കണക്കുകൾ ശേഖരിക്കുന്നതിലും കൈമാറുന്നതിലും ഇന്ത്യയ്ക്ക് ഗുരുതര വീഴ്ചകളുണ്ടെന്ന ആരോപണവുമായി രാജ്യാന്തര മെഡിക്കൽ ജേണലായ ലാൻസെറ്റ് മുഖപ്രസംഗമെഴുതി. ‘ഇന്ത്യയുടെ തിരഞ്ഞെടുപ്പ്: ഡേറ്റയും സുതാര്യതയും എന്തുകൊണ്ടു പ്രധാനം’ എന്ന തലക്കെട്ടോടെയാണ് ലാൻസെറ്റ് ഇന്ത്യയിലെ ആരോഗ്യരംഗത്തെ കണക്കുകളിലെ പോരായ്മ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് മൂലം ഇന്ത്യയിൽ 4.8 ലക്ഷം പേർ മാത്രമേ മരിച്ചിട്ടുള്ളുവെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദത്തെയും ലാൻസെറ്റ് ചോദ്യം ചെയ്യുന്നു. 6–8 മടങ്ങ് വരെ മരണം സംഭവിച്ചിട്ടുണ്ടാകാമെന്ന ലോകാരോഗ്യ സംഘടനയുടെ ഉൾപ്പെടെ കണക്കു ചൂണ്ടിക്കാട്ടിയാണിത്.
ആരോഗ്യനയ രൂപീകരണം, ആസൂത്രണം, നടപ്പാക്കൽ എന്നിവയിൽ യഥാർഥവും കൃത്യതയാർന്നതുമായ വിവരങ്ങൾ അനിവാര്യമാണ്. ഇന്ത്യയിൽ ഇക്കാര്യങ്ങളിൽ വലിയ തടസ്സങ്ങൾ നേരിടുന്നു. കോവിഡ് മൂലം 2021ലെ സെൻസസ് മുടങ്ങി. ഇന്ത്യൻ ജനതയെക്കുറിച്ചു സമഗ്രമായ പഠനങ്ങൾ നടക്കാത്ത ഒരു പതിറ്റാണ്ടുകാലമാണ് നടക്കാതെ പോകുന്നത്.
2024ൽ ഇലക്ട്രോണിക് സെൻസസ് സർവേ നടത്തുമെന്ന പ്രഖ്യാപനവും ഇനിയും ലക്ഷ്യം കാണേണ്ടതുണ്ട്. ദേശീയ, സംസ്ഥാന തലത്തിൽ നടക്കുന്ന എല്ലാ കുടുംബാരോഗ്യ സർവേകളുടെയും അടിസ്ഥാനം സെൻസസാണ്. 2021ലെ സാംപിൾ റജിസ്ട്രേഷൻ സിസ്റ്റം സർവേ വൈകുന്നതായും വിമർശനമുണ്ട്.