ഒരു ലക്ഷം പേർക്ക് തൊഴിൽ: നാഗ്പുരിന് ഗഡ്കരിയുടെ ഉറപ്പ്, മണ്ഡലത്തിനായി പ്രത്യേക പ്രകടന പത്രിക
Mail This Article
മുംബൈ ∙ 5 വർഷത്തിനുള്ളിൽ നാഗ്പുരിലെ ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് സ്വന്തം മണ്ഡലത്തിനു വേണ്ടി മാത്രമായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കി കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി. മഹാരാഷ്ട്രയിലെ മികച്ച അഞ്ച് നഗരങ്ങളിൽ ഒന്നായി നാഗ്പുരിനെ മാറ്റുമെന്നാണ് മറ്റൊരു വാഗ്ദാനം.
വിദർഭ മേഖലയിൽ 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞ അദ്ദേഹം, വികസനം, ശുചിത്വം എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കു കൂടുതൽ ഉൗന്നൽ നൽകുമെന്നും വ്യക്തമാക്കി. അനധികൃത ചേരികളിലെ താമസ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകി ഉടമസ്ഥാവകാശം നൽകുന്നതിനും പുതിയ വീടുകൾ നിർമിക്കുന്നതിനും സഹായിക്കും. നഗരത്തിലെ ചേരിയിൽ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 600 വീടുകൾക്ക് ഉടമസ്ഥാവകാശം നൽകി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 പൂന്തോട്ടങ്ങൾ നിർമിക്കും
നിലവിലുള്ളവ നവീകരിക്കും. ബിസിനസുകാർ, കർഷകർ, ധാന്യക്കച്ചവടക്കാർ, എണ്ണക്കച്ചവടക്കാർ എന്നിവർക്കായി ആധുനിക വിപണികൾ തുറക്കും. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കും. ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കും. രാജ്യത്തെ ഏറ്റവും വലിയ ഓറഞ്ച് വിപണിയായ നാഗ്പുർ നഗരത്തിലെ വീടുകളിൽ 25 ലക്ഷം ഓറഞ്ച് തൈകൾ നട്ടുപിടിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു.
കോൺഗ്രസിന്റെ തട്ടകമായിരുന്ന നാഗ്പുരിൽ നിന്ന് 2014ലാണ് ഗഡ്കരി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴ് തവണ കോൺഗ്രസ് എംപിയായിരുന്ന വിലാസ് മുത്തെംവാറിനെ 2.84 ലക്ഷം വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്.
2019ൽ 2.16 ലക്ഷം വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി നാനാ പഠോളെയെ പരാജയപ്പെടുത്തി. ഹാട്രിക് വിജയം തേടുന്ന അദ്ദേഹത്തിന്റെ ഇത്തവണത്തെ എതിരാളി മുൻ മേയറും കോൺഗ്രസ് നേതാവുമായ വികാസ് താക്കറെയാണ്.