‘ബിജെപിയിൽ ചേർന്നപ്പോൾ അഴിമതി കേസുകളിൽനിന്ന് ഒഴിവാക്കിയത് 26 പേരെ, പിണറായി 27–ാമൻ’
Mail This Article
കൊച്ചി ∙ കേരളത്തിൽ ബിജെപിയും സിപിഎമ്മും ഒരുമിച്ച് യുഗ്‌മഗാനം ആലപിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം ചെയർമാന്‍ പവൻ ഖേര. ബിജെപിയുടെ താളത്തിന് തുള്ളുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വർണക്കള്ളക്കടത്ത് കേസിലും എസ്‍എൻസി ലാവ്‍ലിൻ കേസിലും പുലർത്തുന്ന മൃദുസമീപനം ഇരു പാർട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.
‘‘ബിജെപിയിൽ ചേർന്നപ്പോൾ അഴിമതി കേസുകളിൽനിന്ന് ഒഴിവാക്കപ്പെട്ടത് ഇന്ത്യയിലെ 26 രാഷ്ട്രീയ നേതാക്കളാണ്. പിണറായി വിജയൻ ഇതിൽ ഇരുപത്തിയേഴാമനാണ്. സാധാരണക്കാരെ കൊള്ളയടിച്ച കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ അന്വേഷണത്തിൽ പോലും ഇവർ തമ്മിലുള്ള ബന്ധം തെളിഞ്ഞുകാണാം.’’– കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പവൻ ഖേര പറഞ്ഞു.
ദേശീയ തലത്തിൽ എൻഡിഎയുടെ ഘടകകക്ഷിയായ ജനതാദളിന് കേരളത്തിലെ മന്ത്രിസഭയിൽ ഇടം കൊടുത്ത സിപിഎമ്മിന്റെ ബിജെപി വിരുദ്ധതയിൽ എന്ത് ആത്മാർത്ഥതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയെ എതിർക്കുന്ന ഇന്ത്യ മുന്നണിയിൽ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചാണെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മൊറാർജി ദേശായി സർക്കാരിനെ പിന്തുണച്ചത് ബിജെപിയും സിപിഎമ്മും ചേർന്നായിരുന്നുവെന്നും നിർഭാഗ്യവശാൽ ചരിത്രം അറിയാത്ത, വായിക്കാത്ത ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നുമായിരുന്നു കോൺഗ്രസ് നേതാവിന്റെ മറുപടി. എറണാകുളം ഡിസിസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ഡിസിസി പ്രസിസൻറ് മുഹമ്മദ് ഷിയാസ് എന്നിവരും പങ്കെടുത്തു.