ADVERTISEMENT

‘നാലുനാൾ കൂത്ത്’ കഴിഞ്ഞ് തമിഴ്നാട് ഇന്ന് ജനവിധിയെഴുതുകയാണ്. എത്ര നേരത്തേ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലും വോട്ടെടുപ്പിനു തൊട്ടുമുമ്പുള്ള നാലു ദിവസമാണ് തമിഴ്നാട്ടിൽ കാര്യമായി പ്രചാരണം. ഈ സമയത്താണ് നേതൃത്വവും സജീവമാകുന്നത്. പക്ഷേ കേരളത്തിൽനിന്നു വ്യത്യസ്തമാണ് തമിഴ്നാട്ടിൽ പലയിടത്തെയും പ്രചാരണരീതി. നമ്മൾ കണ്ടുശീലിച്ച പ്രചാരണ ബഹളങ്ങളുമായി താരതമ്യം ചെയ്താൽ അവിടെ പ്രചാരണം നടക്കുന്നില്ലെന്നു തോന്നാം. അതിനുദാഹരണമാണ് വയനാടിനോട് ചേർന്നു കിടക്കുന്ന നീലഗിരി മണ്ഡലം. മുൻ കേന്ദ്രമന്ത്രി എ.രാജയും നിലവിലെ കേന്ദ്രമന്ത്രി എൽ.മുരുകനും ഏറ്റുമുട്ടുന്ന മണ്ഡലമായിട്ടും ഇവിടെ പ്രചാരണ കോലാഹലങ്ങളുണ്ടായിരുന്നില്ല. 

വലിയ പരാധീനതകളിലൂടെ കടന്നുപോകുന്ന മണ്ഡലമാണ് നീലഗിരി. എ.രാജയാണ് കുറേക്കാലമായി മണ്ഡലത്തിലെ എംപി. പക്ഷേ മണ്ഡലത്തിൽ പറയത്തക്ക വികസനമില്ല. േതയില, പച്ചക്കറി കൃഷിയെ ആശ്രയിച്ചാണ് ഭൂരിഭാഗം പേരും ജീവിക്കുന്നത്. തേയിലയുടെ വിലയിടിവ് മണ്ഡലത്തിലെ ജനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബഡുക വിഭാഗം ഇത്തവണ ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്നാണ് പറയുന്നത്. തേയില കർഷകരായ ഈ വിഭാഗത്തിന് നാല് ലക്ഷത്തിലധികം വോട്ടുണ്ടെന്നാണ് അവകാശവാദം. എ.രാജയോട് ആർക്കും വലിയ താൽപര്യമില്ലെന്നാണ് നാട്ടുകാരിൽ പലരും പറയുന്നത്. അതേസമയം, അണ്ണാഡിഎംകെ, ബിജെപി സ്ഥാനാർഥികളോട് ഒട്ടും താൽപര്യവുമില്ല. എ.രാജയുടെ പ്രവർത്തനത്തോട് താൽപര്യമില്ലെങ്കിലും മറ്റു രണ്ടു സ്ഥാനാർഥികളെയും താരതമ്യം ചെയ്യുമ്പോൾ രാജയ്ക്കു തന്നെ വീണ്ടും വോട്ടു ചെയ്യേണ്ട അവസ്ഥയാണെന്നും അവർ പറയുന്നു. ആർക്ക് വോട്ടു ചെയ്യണമെന്ന ആശങ്കയുണ്ടത്രെ ഭൂരിഭാഗം പേർക്കും. നീലഗിരിക്കു സമാനമായ അവസ്ഥയാണ് തമിഴ്നാട്ടിലെ മറ്റു പല മണ്ഡലങ്ങളിലും. 

എ. രാജ
എ. രാജ

മുഴുവൻ സീറ്റിലും ജയം ഉറപ്പെന്ന് ഡിഎംകെ

ഇത്തവണ തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റിലും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ. കഴിഞ്ഞ തവണത്തേക്കാൾ അനുകൂലമാണ് ഇത്തവണയെന്ന് ഡിഎംകെ പറയുന്നു. അണ്ണാഡിഎംകെയിലെ വിഭാഗീയതയും ബിജെപിയോട് ജനങ്ങൾക്കുള്ള താൽപര്യക്കുറവും ഡിഎംകെയ്ക്ക് വോട്ടാകും എന്നാണ് പ്രതീക്ഷ. അണ്ണാഡിഎംകെ എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം തനിച്ചാണ് മത്സരിക്കുന്നത്. ഒ.പനീർെസൽവത്തിന്റെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ വിമതർ ബിജെപിക്കൊപ്പമാണ്. ഇതോടെ അണ്ണാഡിഎംകെ വോട്ടുകൾ വിഭജിക്കാൻ സാധ്യത കൂടുതലാണ്. ബിജെപി ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും സീറ്റൊന്നും ലഭിക്കില്ലെന്നാണ് മറ്റു പാർട്ടികളുടെ പ്രവർത്തകർ പറയുന്നത്. 

നീലഗിരിയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചു സംസാരിക്കുന്ന ചായക്കടക്കാരി സംഗീത. ചിത്രം: അരുൺ വർഗീസ് / മനോരമ
നീലഗിരിയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചു സംസാരിക്കുന്ന ചായക്കടക്കാരി സംഗീത. ചിത്രം: അരുൺ വർഗീസ് / മനോരമ

ഇത്തവണ പ്രചാരണം കൂടുതൽ

നീലഗിരിയിൽ നാലുനാൾ കൂത്തിന് പകരം ഇത്തവണ ഡിഎംകെയും ബിജെപിയും നേരത്തേ പ്രചാരണം തുടങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇരു പാർട്ടികളും മുൻ വർഷത്തേതിനേക്കാൾ കൂടുതൽ ചിട്ടയായാണ് പ്രവർത്തിക്കുന്നത്. പനീർസെൽവവും പളനിസ്വാമിയും തെറ്റിപ്പിരിഞ്ഞതോടെ അണ്ണാഡിഎംകെ പ്രവർത്തകരും രണ്ടു ഗ്രൂപ്പുകളായി. ഇത് പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്ന് പ്രചാരണത്തിൽനിന്ന് വ്യക്തമാണ്. ബിജെപിക്കൊപ്പം നിൽക്കുന്നതിനാൽ പനീർെസൽവത്തോട് ആളുകൾക്കു താൽപര്യം കുറവാണെന്നും പനീർസെൽവം ഔദ്യോഗിക പക്ഷമല്ലാത്തതു പ്രതിസന്ധിയാണെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അതേസമയം, സംസ്ഥാനം ഭരിക്കുന്ന ഡിഎംകെയ്ക്കും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും പ്രചാരണത്തിന് പണവും സ്വാധീനവും ഉണ്ടെന്നത് നേട്ടമാണ്. 

ഒ.പനീർസെൽവം, എടപ്പാടി കെ.പളനിസാമി (PTI Photo by R Senthil Kumar)
ഒ.പനീർസെൽവം, എടപ്പാടി കെ.പളനിസാമി (PTI Photo by R Senthil Kumar)

തേയില പെ ചർച്ച

പൗരത്വ നിയമം, ഭരണഘടന, ഏക സിവിൽകോഡ് എന്നിങ്ങനെയുള്ള വലിയ ദേശീയ വിഷയങ്ങൾക്കു പകരം മണ്ഡലത്തിലെ െചറിയ കാര്യങ്ങളാണ് നീലഗിരിയിൽ ചർച്ചയാകുന്നത്. തമിഴ്നാട്ടിലെ പിന്നാക്ക ജില്ലയായ നീലഗിരിയിൽ കൃഷിയാണ് മിക്കവരുടെയും ഉപജീവന മാർഗം. തേയില വില കൂടുക, പച്ചക്കറിക്ക് മതിയായ വില കിട്ടുക, കയറിക്കിടക്കാൻ വീടും പട്ടയമുള്ള ഭൂമിയും ലഭിക്കുക എന്നതൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ. ഇതിനിടെ വർധിച്ചുവരുന്ന വന്യമൃഗ ശല്യവും ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നു. പക്ഷേ, ആരു ജയിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന നിസ്സംഗതയാണ് മിക്കവരുടെയും മുഖത്ത്.

mk-stalin
എം.കെ.സ്റ്റാലിൻ
English Summary:

Voting Underway in Tamil Nadu's Lok Sabha Polls, Spotlight on Nilgiris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com