ശൈലജയ്ക്ക് നേരെ സൈബർ ആക്രമണം: ഡിവൈഎഫ്ഐയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു
Mail This Article
തൊട്ടിൽപ്പാലം (കോഴിക്കോട്)∙ വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റിട്ടതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. തൊട്ടിൽ പാലം സ്വദേശി മെബിൻ തോമസിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ഡിവൈഎഫ്ഐ നൽകിയ പരാതയിലാണ് നടപടി. ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് മുൻപ് മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കെ.എം.മിൻഹാജിനെതിരെ രണ്ടിടത്ത് കേസെടുത്തു. വടകരയിലും മട്ടന്നൂരുമാണ് കേസെടുത്തത്. സൽമാൻ വാളൂർ എന്നയാൾക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. ന്യൂ മാഹി സ്വദേശിയായ അസ്‌ലമിനെതിരെയും കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് ശൈലജ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. കുടുംബ വാട്സാപ് ഗ്രൂപ്പുകളിലുൾപ്പെടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന് മുൻപൊരിക്കലും ഇത്രയും മോശമായ രീതിയിൽ വ്യക്തിഹത്യ നേരിടേണ്ടി വന്നിട്ടില്ലെന്നും ശൈലജ പറഞ്ഞിരുന്നു.