ബിഹാറിൽ ആർജെഡിയിൽനിന്നു കൊഴിഞ്ഞുപോക്കു തുടരുന്നു; മുൻ എംപിമാർ പാർട്ടി വിട്ടു
Mail This Article
പട്ന ∙ ബിഹാറിൽ ആർജെഡിയിൽനിന്നു നേതാക്കളുടെ കൊഴിഞ്ഞുപോക്കു തുടരുന്നു. ഭാഗൽപുർ മുൻ എംപി ശൈലേഷ് കുമാറും ജഞ്ജർപുർ മുൻ എംപി ദേവേന്ദ്ര പ്രസാദ് യാദവും പാർട്ടി വിട്ടു. ശൈലേഷ് കുമാർ ജനതാദൾ (യു)വിൽ ചേർന്നു. ലോക്സഭാ ടിക്കറ്റ് നിഷേധിക്കപ്പെട്ടതാണ് ഇരു നേതാക്കളും പാർട്ടി വിടാൻ കാരണം. ഇന്ത്യാസഖ്യ സീറ്റു വിഭജനത്തിൽ ഭാഗൽപുർ സീറ്റ് കോൺഗ്രസിനും ജഞ്ജർപുർ സീറ്റ് വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) ക്കുമാണു ലഭിച്ചത്.
ഭാഗൽപുരിൽ കോൺഗ്രസ് നേതാവ് അജിത് ശർമ്മയും ജഞ്ജർപുരിൽ വിഐപി നേതാവ് സുമൻ കുമാറുമാണ് ഇന്ത്യാസഖ്യ സ്ഥാനാർഥികൾ. ആർജെഡി വിട്ട് ജനതാദളിൽ (യു) ചേർന്ന ലവ്‌ലി ആനന്ദ് ശിവ്ഹറിൽ എൻഡിഎ സ്ഥാനാർഥിയായി മൽസരരംഗത്തുണ്ട്. ആർജെഡിയുമായി ഇടഞ്ഞു നിൽക്കുന്ന ഹിന ഷഹാബ് സിവാനിൽ സ്വതന്ത്ര സ്ഥാനാർഥിയാണ്.
നവാഡയിൽ പാർട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ട വിനോദ് യാദവ് വിമത സ്ഥാനാർഥിയായി. ആർജെഡി മുൻ എംപിമാരായ അഷ്ഫാഖ് കരിമും ബ്രിഷൻ പട്ടേലും ടിക്കറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ചു നേരത്തേ ആർജെഡി വിട്ടിരുന്നു.