നവകേരള ബസിന് ‘വിശ്രമം’; കെഎസ്ആർടിസിക്കായി ഉപയോഗിക്കുന്നത് തീരുമാനമായില്ല; സ്റ്റേജ് ക്യാരേജ് ലൈസൻസ് കിട്ടിയില്ല
Mail This Article
തിരുവനന്തപുരം∙ നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച എസി ബസ് കെഎസ്ആർടിസിക്കായി ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ബെംഗളൂരുവിലെ കമ്പനിയിൽ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ച ബസ് പാപ്പനംകോട് കെഎസ്ആർടിസിയുടെ സെൻട്രൽ വർക്സിൽ ഒരു മാസമായി വിശ്രമത്തിലാണ്. കെഎസ്ആർടിസിയുടെ വിനോദ സഞ്ചാരപദ്ധതികൾക്കായി ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സർക്കാർ തീരുമാനം നീളുകയാണ്. സ്റ്റേജ് ക്യാരേജ് ലൈസൻസിനായി ഗതാഗതവകുപ്പിന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
നവകേരള സദസിനായി മന്ത്രിസഭയ്ക്ക് സഞ്ചരിക്കാൻ 1.15 കോടിരൂപയ്ക്കാണ് ബസ് നിർമിച്ചത്. ബെംഗളൂരുവിലെ പ്രകാശ് (എസ്.എം.കണ്ണപ്പ ഓട്ടോമൊബൈൽ പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയിലായിരുന്നു ബസ് ബോഡി നിർമിച്ചത്. നവകേരള യാത്രയ്ക്ക് ശേഷം, ബസിനുള്ളിലെ സൗകര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. മാറ്റങ്ങൾ വരുത്തി ടൂറിസം മേഖലയില്‍ ഉപയോഗിക്കാനായിരുന്നു കെഎസ്ആര്‍ടിസി തീരുമാനം.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന സീറ്റുകൾ മാറ്റി പുഷ്ബാക്ക് സീറ്റാക്കി. ടോയ്‌ലറ്റ് സൗകര്യവും ലിഫ്റ്റ് സംവിധാനവും നിലനിർത്തി. ടിവിയും മ്യൂസിക് സിസ്റ്റവുമുണ്ട്. ചെറിയ അടുക്കള സംവിധാനവും എസി ബസിലുണ്ട്. ലഗേജ് വയ്ക്കാനായി സ്ഥലസൗകര്യം ഏർപ്പെടുത്തി. ബസിന്റെ നിറവും പുറത്തെ ഗ്രാഫിക്സും മാറ്റിയിട്ടില്ല. മൂന്നു മാസം നവീകരണത്തിനായി ബസ് ബെംഗളൂരുവിലുണ്ടായിരുന്നു. മടങ്ങിയെത്തി ഒരു മാസം കഴിഞ്ഞിട്ടും തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല.
ഗതാഗതവകുപ്പിൽനിന്ന് അനുമതി ലഭിച്ചാൽ ബസ് ഏതു രീതിയിൽ ഉപയോഗിക്കുമെന്ന് തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എസിയുള്ള നവകേരള ബസിലെ സഞ്ചാരത്തിന് ഏറെ ആവശ്യക്കാരുണ്ട്. മന്ത്രിമാർ സഞ്ചരിച്ച ബസായതിനാൽ മൂല്യം ഇരട്ടിയാകുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞെങ്കിലും തുടർതീരുമാനങ്ങൾ ഉണ്ടായിട്ടില്ല. മന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം തേടിയെങ്കിലും ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിക്കാനായില്ല.