മുസ്‌ലിം ലീഗിന്റെ കൊടിവീശിയത് കെഎസ്‌യു പ്രവർത്തകർ ചോദ്യം ചെയ്തു; പ്രചാരണ പരിപാടിക്കിടെ കയ്യാങ്കളി
Mail This Article
മലപ്പുറം∙ വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കൊടി വീശിയതുമായി ബന്ധപ്പെട്ട് എംഎസ്എഫ്–കെഎസ്‌യു പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. എ.പി. അനിൽ കുമാർ എംഎൽഎ അടക്കം പങ്കെടുത്ത യോഗത്തിനു ശേഷം നടന്ന സംഗീതനിശയിൽ എംഎസ്എഫ് പ്രവർത്തകർ മുസ്‌ലിം ലീഗിന്റെയും എംഎസ്എഫിന്റെയും കൊടി വീശിയത് കെഎസ്‌യു പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്.
പരിപാടിക്ക് കൊടി ഉപയോഗിക്കേണ്ടതില്ലെന്ന ധാരണ എംഎസ്എഫ് പ്രവർത്തകർ ലംഘിച്ചെന്നാണ് കെഎസ്‌യു പറയുന്നത്. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിനു ശേഷമായിരുന്നു സംഘർഷം.
അതേസമയം, ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തെ കൊടിയുടെ പേരിലുള്ള തർക്കമായി ചിത്രീകരിക്കുകയാണെന്നാണ് സംഘാടകർ പറയുന്നത്.