വളരെ ദുഃഖമുണ്ട്, ജനങ്ങൾക്ക് എഴുന്നള്ളിപ്പ് കാണാൻ കഴിഞ്ഞില്ല ; പൊലീസിന്റെ പെരുമാറ്റം വിഷമിപ്പിച്ചു: തിരുവമ്പാടി ദേവസ്വം
Mail This Article
തൃശൂർ ∙ തിരുവമ്പാടി വിഭാഗത്തിന്റെ ചരിത്രപ്രസിദ്ധമായ രാത്രിയിലെ എഴുന്നള്ളിപ്പും മഠത്തിൽവരവു മേളവും നിർത്തിവയ്ക്കാൻ നിർബന്ധിതരായതിൽ വളരെ ദുഃഖമുണ്ടെന്നു ദേവസ്വം പ്രസിഡന്റ് ടി.എ.സുന്ദർമേനോൻ. തങ്ങളുടെ വിഷമം ബന്ധപ്പെട്ടവരെ അറിയിച്ചെന്നും സുന്ദർമേനോൻ മാധ്യമങ്ങളോടു പറഞ്ഞു.
‘‘കലക്ടർ വി.ആർ.കൃഷ്ണതേജ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, പൊലീസ് മേധാവികള്‍ എന്നിവരുമായി ഞങ്ങൾ ചർച്ച നടത്തി. ചർച്ചയിൽ ഞങ്ങളുടെ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. പ്രധാന പ്രശ്നം നഗരത്തിലെ റോഡുകളെല്ലാം ബാരിക്കേഡ് സ്ഥാപിച്ച് അടച്ചതാണ്. പൊതുജനങ്ങൾക്ക് എഴുന്നള്ളിപ്പുകളും മറ്റും കാണാൻ കഴിയാത്ത രീതിയിലുള്ള പരിഷ്കാരം ബുദ്ധിമുട്ടുണ്ടാക്കി. ജനങ്ങൾക്ക് ഉപദ്രവം ഏൽക്കുന്ന രീതിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഉൾപ്പെടെ ചർച്ചയിൽ ധരിപ്പിച്ചിട്ടുണ്ട്. ‘
തുടർന്നാണ് ഒരാനപ്പുറത്ത് നായ്ക്കനാൽ പന്തലിൽ എഴുന്നള്ളിപ്പ് അവസാനിപ്പിച്ചത്. പഞ്ചവാദ്യം ഉൾപ്പെടെ നിർത്തിവച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം ഭാവിയിൽ ഉണ്ടാകില്ലെന്നു കലക്ടറും മറ്റുള്ളവരും ഉറപ്പു തന്നിട്ടുണ്ട്. ഇതോടൊപ്പം വെടിക്കെട്ടു സംബന്ധമായും ഞങ്ങൾക്ക് ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടായി. പ്രധാന വെടിക്കെട്ടിനു നേതൃത്വം നൽകുന്ന ബാഡ്ജ് ധരിച്ച അംഗങ്ങൾക്കും ഭരണസമിതി അംഗങ്ങൾക്കും വരെ മോശമായ പെരുമാറ്റ അനുഭവങ്ങളുണ്ടായി. അത്തരം പ്രശ്നങ്ങൾ ഇനിയുണ്ടാകില്ലെന്നു കലക്ടർ സ്വന്തം ഉത്തരവാദിത്തം ഏറ്റെടുത്ത് ഉറപ്പു തന്നിട്ടുണ്ട്’’– സുന്ദർമേനോൻ പറഞ്ഞു. ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാറും ഒപ്പമുണ്ടായിരുന്നു.