പൂരം പ്രതിസന്ധി ആർക്കു വോട്ടാകും? കാപ്സ്യൂൾ ഇറക്കി സിപിഎം; കണ്ടറിയണം മുന്നണികളുടെ കാര്യം
Mail This Article
തൃശൂർ ∙ പൂരം പ്രതിസന്ധിയും പൊലീസ് നടപടിയും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു സൂചന. പരുക്കു പരിഹരിക്കാനായി ഇടതുമുന്നണി ഇന്നു തിടുക്കപ്പെടുകയായിരുന്നു. വളരെ ശക്തമായാണ് എൽഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ പൊലീസിന് എതിരെ പ്രതികരിച്ചത്. വീഴ്ചയുണ്ടായെന്നു മാത്രമല്ല ബിജെപിക്ക് അനുകൂലമായി ആരോ ചരടുവലിച്ചെന്നുവരെ സുനിൽകുമാർ പറഞ്ഞു. പൂരം നിർത്തിവച്ച തിരുവമ്പാടി ദേവസ്വത്തെ അനുനയിപ്പിക്കാനും പൊലീസിനെതിരെ ശക്തമായ നിലപാട് എടുക്കാനും രാത്രി മുഴുവനും മന്ത്രി കെ.രാജൻ അധ്വാനിച്ചു.
ബിജെപി എടുത്തു ചാടി ഒന്നും ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്. കുടമാറ്റത്തിൽ അയോധ്യയിലെ പ്രതിഷ്ഠ കാണിച്ചുവെന്നാരോപിച്ചു തിരുവമ്പാടി, പാറമേക്കാവു ദേവസ്വങ്ങൾക്കെതിരെ സിപിഎം അനുകൂലികൾ ശക്തമായി സമൂഹ മാധ്യമങ്ങളിൽ യുദ്ധം നടത്തുന്നുണ്ട്. കാലിക പ്രാധാന്യമുള്ള പലതും സ്പെഷൽ കുടയായി കുടമാറ്റത്തിൽ വരാരുണ്ട്. അതിനെ ആരും അധിക്ഷേപിക്കാറില്ല. കാരണം സ്പെഷൽ കുട തയാറാക്കുന്നതു ദേവസ്വമല്ല, യുവജന സംഘങ്ങളാണ്. ഇതിൽ എല്ലാ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളും ഉണ്ടുതാനും.
പൂരത്തിലുണ്ടായ തർക്കം സിപിഎമ്മും ബിജെപിയും ആസൂത്രണം ചെയ്തു ബിജെപിക്കു വോട്ടുമറിക്കാനുള്ള തന്ത്രമാണെന്നു കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ ആരോപിച്ചിട്ടുണ്ട്. സുരേഷ് ഗോപിയാകട്ടെ, മാധ്യമ പ്രതികരണത്തിനു തയാറാകാതെ രാത്രി മുഴുവൻ ദേവസ്വങ്ങൾക്കൊപ്പമിരുന്നു ചർച്ച നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ഇതു വിഷയമാകുമെന്നു വ്യക്തമാണ്. ആർക്കു ഗുണം ചെയ്യുമെന്നു വരും ദിവസങ്ങളിലേ വ്യക്തമാകൂ.