പൂരം കലക്കിയത് ബിജെപിക്ക് വേണ്ടിയെന്ന് കെ.മുരളീധരൻ; പിന്നിൽ ഗൂഢാലോചനയെന്ന് സുരേഷ് ഗോപി
Mail This Article
തൃശൂർ∙ ബിജെപിക്ക് വേണ്ടിയാണ് തൃശൂർ പൂരം കലക്കിയതെന്നും സിപിഎമ്മിന്‍റെ അജന്‍ഡ നടപ്പിലാക്കാൻ കമ്മിഷണറെ ഉപയോഗിച്ചതാണെന്നും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. പൂരത്തിന്‍റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നുവെന്നും അതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. ഇതോടെ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ തൃശൂരിൽ പൂരത്തിലെ പാളിച്ചകൾ പ്രചരണവിഷയമാകുമെന്ന് ഉറപ്പായി. പൂരം നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന ആരോപണവുമായി ബിജെപി തൃശൂരില്‍ സര്‍ക്കാരിനെതിരെയുള്ള തിരഞ്ഞെടുപ്പ് വിഷയമാക്കുമ്പോള്‍ യുഡിഎഫ് അത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി എന്ന നിലയിലാണ് കാണുന്നത്.
സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണം ഇപ്പോള്‍ ബിജെപി സൈബര്‍ സെല്‍ ചെയ്യുന്നുണ്ടെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. ‘‘വോട്ടുകച്ചവടത്തിനുള്ള അന്തര്‍ധാര പുറത്തായിരിക്കുന്നു. കമ്മിഷണറെ തല്‍ക്കാലത്തേക്ക് മാറ്റിനിർത്തുന്നതാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും. കമ്മിഷണർ മറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജുഡീഷ്യൽ അന്വേഷണം വേണം. കമ്മിഷണർ പൂരം കലക്കാൻ രാവിലെ മുതൽ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനു ഞാൻ തന്നെ സാക്ഷിയാണ്. സുരേഷ് ഗോപിയെ പൂരത്തിന്‍റെയന്ന് എവിടെയും കണ്ടില്ല. പിന്നീട് സേവാഭാരതിയുടെ ആംബുലൻസിൽ വന്ന് ഷോ കാണിച്ചു. തൃശൂരില്‍ യുഡിഎഫ് തന്നെ ജയിക്കും’’ – കെ.മുരളീധരൻ പറഞ്ഞു.
വെടിക്കെട്ട് തടസപ്പെട്ടപ്പോള്‍ തന്നെ വിളിച്ചു വരുത്തിയതാണെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. ‘‘2 മണിക്ക് വിളിച്ചു. 2.10ന് പുറപ്പെട്ടു. എന്നെ ബ്ലോക്ക് ചെയ്തിട്ടതിനാല്‍ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്. ഏത് പാർട്ടിയുടെ ഇടപെടൽ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മിഷണറെ നിർത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണം. തിരുവമ്പാടി ദേവസ്വത്തിൽ നിന്നാണ് എന്നെ വിളിച്ചത്. കൂടുതൽ തല്ലുകൊള്ളാതിരിക്കാൻ നിർത്തിപ്പോവുക എന്നാണ് പൊലീസ് പറഞ്ഞത്. കമ്മിഷണർ തനിക്ക് ലഭിച്ച നിർദ്ദശമാണ് പാലിച്ചത്. ചുമ്മാ അടുക്കള വർത്തമാനം പറയരുത്’’– സുരേഷ് ഗോപി പറഞ്ഞു.