പൂരത്തിന് ജനക്കൂട്ടത്തിനൊപ്പം യതീഷ് ചന്ദ്ര; മുൻ കമ്മിഷണറുടെ വിഡിയോ സ്റ്റാറ്റസാക്കി പൊലീസുകാർ
Mail This Article
തൃശൂർ∙ തൃശൂർ പൂരം നടത്തിപ്പിലും ചടങ്ങുകളിലും ഈ വര്‍ഷമുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം കമ്മിഷണർ അങ്കിത് അശോകന്‍റെ തെറ്റായ ഇടപെടലാണെന്ന് വ്യാപക പരാതി ഉയരുന്നതിനിടെ മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ വിഡിയോ സ്‌റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാർ. നിലവിലെ കമ്മിഷണർ അങ്കിത് അശോകനോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അമർഷമാണ് യതീഷ് ചന്ദ്രയുടെ വിഡിയോ പ്രചരിപ്പിക്കുന്നതിനു പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട്. യതീഷ് ചന്ദ്ര കമ്മിഷണറായിരുന്നപ്പോൾ പൂരത്തിനെത്തിയ ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ യതീഷ് ചന്ദ്ര പങ്കുകൊള്ളുന്നതും പൂര പ്രേമികളോട് മാന്യമായി പെരുമാറുന്നതുമാണ് വിഡിയോയുടെ ഉള്ളടക്കം.
വെള്ളിയാഴ്ച രാത്രിയോടെ പൂര പ്രേമികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. . പൊലീസിന്‍റെ അനാവശ്യ ഇടപെടല്‍ കാരണം ചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കുകയുണ്ടായി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള പൊലീസ് നടപടിയും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
ആനകള്‍ക്കു നല്‍കാന്‍ കൊണ്ടു വന്ന പട്ടയും മറ്റും അങ്കിത് അശോകന്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 'എടുത്തു കൊണ്ട് പോടാ പട്ട' എന്നായിരുന്നു കമ്മിഷണറുടെ ആക്രോശം. ഇതിനിടെയാണ് മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ വിഡിയോ പൊലീസുകാർ പങ്കുവയ്ക്കുന്നതാണ് എന്നതാണ് ശ്രദ്ധേയം. അതേസമയം, പൂരത്തിനിടെയുണ്ടായ പൊലീസ് നടപടികളിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം വിശദ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.