7 വർഷം ഭീകരരുടെ തടവിലായിരുന്ന യുഎസ് മാധ്യമപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു
Mail This Article
ന്യൂയോർക്ക്∙ ഏഴു വർഷം ലെബനനിൽ ഇസ്‍ലാമിക് ഭീകരരുടെ തടവിലായിരുന്ന യുഎസ് പത്രപ്രവർത്തകൻ ടെറി ആൻഡേഴ്സൺ (76) അന്തരിച്ചു. മരണവിവരം ആൻഡേഴ്സന്റെ മകൾ സുലോമി ആൻഡേഴ്സണാണ് പുറംലോകത്തെ അറിയിച്ചത്. ന്യൂയോർക്കിലെ ഗ്രീൻവുഡ് ലേക്കിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. മരണകാരണം പറഞ്ഞിട്ടില്ല. അസോസിയേറ്റഡ് പ്രസിന്റെ മുൻ ചീഫ് മിഡിൽ ഈസ്റ്റ് ലേഖകനായിരുന്ന ആൻഡേഴ്സൺ 1985 മുതൽ 1991 വരെയായിരുന്നു ഭീകരരുടെ തടവിലായിരുന്നത്.
‘‘തടങ്കലിൽ ബന്ദിയാക്കപ്പെട്ട കാലത്ത് എന്റെ പിതാവിന്റെ ജീവിതം അങ്ങേയറ്റം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹം ശാന്തവും സുഖപ്രദവുമായ സമാധാനം കണ്ടെത്തി. ഏറ്റവും മോശമായ അനുഭവത്തിലൂടെയല്ല, മറിച്ച് തന്റെ മാനുഷിക പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത് എന്ന് എനിക്കറിയാം’’ – സുലോമി ആൻഡേഴ്സൺ പറഞ്ഞു.
ലെബനനിൽ 1985 മാർച്ച് 16നായിരുന്നു ആൻഡേഴ്സണെ ഭീകരർ തടവിലാക്കിയത്. മൂന്ന് തോക്കുധാരികൾ കാറിൽ നിന്നും ചാടിയിറങ്ങി, ആൻഡേഴ്സനെ കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സംഭവം പുറംലോകം അറിഞ്ഞതിനു പിന്നാലെ തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇറാൻ അനുകൂല ഇസ്‍ലാമിക് ജിഹാദ് ഗ്രൂപ്പ് ഏറ്റെടുത്തു. അമേരിക്കക്കെതിരായ തുടർപ്രവർത്തനങ്ങളുടെ ഭാഗമാണ് തട്ടിക്കൊണ്ടുപോകലെന്നായിരുന്നു ഭീകരർ പറഞ്ഞത്. കുവൈറ്റിലെ യുഎസ്, ഫ്രഞ്ച് എംബസികൾക്ക് നേരെ ബോംബാക്രമണം നടത്തിയതിനു കുവൈറ്റിൽ തടവിലാക്കപ്പെട്ടവരെ വെറുതെവിടണമെന്നും ഇവർ ആവശ്യപ്പെട്ടു. ആൻഡേഴ്സൺ തടവിലായിരിക്കെ, പിതാവും സഹോദരനും അർബുദം ബാധിച്ച് മരിച്ചു. മകൾ സുലോമയെ ആറ് വയസ് തികയുന്നത് വരെ ആൻഡേഴ്സൺ കണ്ടിരുന്നില്ല.