ADVERTISEMENT

മാലി ∙ മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജ‌യം. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 93 സീറ്റുകളിൽ 67 എണ്ണം പിഎൻസി സ്വന്തമാക്കി. മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രഖ്യാപനങ്ങൾ ഏറെ ചർച്ചയാകുന്ന സമയത്താണ് ഈ തിരഞ്ഞെടുപ്പു വിജയം എന്നത് ശ്രദ്ധേയമാണ്. 

പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി)ക്ക് 12 സീറ്റുകളിലും 10 സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു. 72.96% ആണ് പോളിങ്. 2,84,663 പേരാണ് വോട്ടു രേഖപ്പെടുത്തിയത്.  41 വനിതാ സ്ഥാനാർഥികൾ മത്സരിച്ചതിൽ മൂന്നു പേരാണ് വിജയിച്ചത്. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റാനുമുള്ള നടപടികൾ മുയിസുവിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. തിരഞ്ഞെടുപ്പിലെ വൻ വിജയം ചൈന അനൂകൂല നിലപാടുകളുമായി മുന്നോട്ട് പോകാൻ മുയിസുവിന് ഊർജം നൽകും. 

2019ൽ മാലിദ്വീപിൽ നടന്ന തിരഞ്ഞെടുപ്പിൽ 64 സീറ്റുകളുമായി എംഡിപിയാണ് മിന്നും വിജയം നേടിയത്. അന്ന് പിപിഎം–പിഎൻസി മുന്നണി ഏട്ടു സീറ്റുകൾ മാത്രമാണ് നേടിയത്. കഴിഞ്ഞ വർഷമാണ് പ്രസിഡന്റ് മുയിസു അധികാരത്തില്‍ വന്നത്. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയായ പീപ്പിൾസ് നാഷനൽ കോൺഗ്രസ് 93 അംഗ സഭയിൽ ന്യൂനപക്ഷമായിരുന്നു.  ഈ തിരഞ്ഞെടുപ്പോടെ മുയിസുവിന്റെ പാർട്ടി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ചു. 

English Summary:

Landslide Win For Pro-China Leader's Party In Maldives Parliamentary Vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com