കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു, ഡൊമനിക് മാർട്ടിൻ കേസിലെ ഏക പ്രതി
Mail This Article
കൊച്ചി ∙ കളമശ്ശേരി സ്ഫോടന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി. യഹോവയുടെ സാക്ഷികൾ പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. 3578 പേജുള്ള കുറ്റപത്രം ആണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ 294 സാക്ഷികളാണുള്ളത്. 137 തൊണ്ടിമുതലും 236 രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
തീവ്രവാദ ആക്രമണം നടത്തിയതിന് യുഎപിഎ നിയമപ്രകാരവും സ്ഫോടക വസ്തു നിയമപ്രകാരമുള്ള വകുപ്പുകളും, കൊലപാതകം, കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളും മാര്‍ട്ടിനെതിരെ ചുമത്തിയിട്ടുണ്ട്. യഹോവയുടെ സാക്ഷികളോടുള്ള എതിർപ്പാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഭയപ്പെടുത്തുന്ന ആക്രമണത്തിലൂടെ യഹോവയുടെ സാക്ഷികളിലേക്ക് പൊതുജനത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധ കൊണ്ടുവരികയും സംഘടനയെ നിരോധിക്കുകയുമായിരുന്നു ഡൊമിനിക് മാർട്ടിൻ ലക്ഷ്യമിട്ടതെന്നാണു കുറ്റപത്രം പറയുന്നു.
2023 ഒക്ടോബർ 29നാണ് കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനം നടന്നത്. രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ബാക്കി ആറു പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്വയം നിർമിച്ച്, പരീക്ഷിച്ച് ഉറപ്പിച്ച ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തിയ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ അന്നുതന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു.