ADVERTISEMENT

കൊച്ചി ∙ വൻവിജയം നേടിയതിനു പിന്നാലെ വിവാദം വിട്ടൊഴിയാതെ ‘മ‍ഞ്ഞുമ്മൽ ബോയ്സ്’. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നാലെ, അവർക്കെതിരെ കേസെടുക്കാന്‍ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച്, പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.  

ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തേ പറവ ഫിലിംസിന്റെ 40 കോടി രൂപ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ട് കോടതി നിര്‍ദേശ പ്രകാരം മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്.

2022 ലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരൻ പറയുന്നു. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാണത്തിനു പണം മുടക്കാൻ പറവ ഫിലിംസ് സമീപിച്ചെന്നു സിറാജ് പറയുന്നു. 2022 നവംബർ 30 നാണ് കരാറിൽ ഒപ്പുവച്ചത്. ഏഴു കോടി രൂപ മുടക്കാം എന്നായിരുന്നു കരാർ. തിയറ്റർ, ഒടിടി, സാറ്റലൈറ്റ് തുടങ്ങിയ എല്ലാ മാർഗങ്ങളിലൂടെയും ലഭിക്കുന്ന ആകെ ലാഭത്തിന്റെ 40 ശതമാനം നൽകും എന്നായിരുന്നു കരാറിലെ വാഗ്ദാനം. ബാക്കി പണം മുടക്കുന്നതിനാൽ, ലാഭത്തിന്റെ ബാക്കി 60 ശതമാനം പറവ ഫിലിംസിനും ആയിരിക്കും. 

തുടർന്ന് താൻ 5.99 കോടി രൂപ പറവ ഫിലിംസിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് വിവിധ തീയതികളിലായി നൽകിയെന്ന് സിറാജ് പറയുന്നു. ബാക്കി തുക വിവിധ തീയതികളിലായി ഒന്നാം പ്രതി ഷോണിന്റെ അക്കൗണ്ടുകളിലേക്ക് അയച്ചു. മാത്രമല്ല, 51 ലക്ഷം രൂപ പല ആവശ്യങ്ങൾ പറഞ്ഞ് വിവിധ സമയങ്ങളായി പണമായിത്തന്നെ കൈമാറിയിട്ടുണ്ടെന്നും പരാതിയിലുണ്ട്.

എന്നാൽ ചിത്രത്തിന്റെ ശരിയായ നിർമാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും അതുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങളൊന്നും തന്നോട് പറഞ്ഞിട്ടില്ലെന്നും പരാതിക്കാരന്‍ പറയുന്നു. ഇതിനു പുറമെ, എട്ടു കോടി രൂപ മലയാളത്തിലെ മറ്റൊരു നിർമാതാവിൽനിന്നു തങ്ങൾ വാങ്ങിയതായി പ്രതികൾ തന്നോട് വെളിപ്പെടുത്തിയിരുന്നു എന്ന് പരാതിക്കാരൻ പറയുന്നു. ഇത് തങ്ങളുടെ നിക്ഷേപമായി കണക്കാക്കുന്നതിനു പകരം പറവ ഫിലിംസ് ചെയ്തത് ഇതിന്റെ പലിശ ചിത്രത്തിന്റെ ആകെ വരുമാനത്തിൽ നിന്നു കൊടുക്കുകയാണ്. അതേസമയം, ഈ പണം തങ്ങളുടെ നിക്ഷേപമാണെന്ന് പറയുകയും ചെയ്തു.

ഈ നിര്‍മാതാവിന്റെ പണം തിരിച്ചു നൽകിയത് ചിത്രത്തിന്റെ വിതരണക്കാരിൽനിന്നു വാങ്ങിയ 11 കോടി രൂപ ഉപയോഗിച്ചാണെന്നും ഇവർ അവകാശപ്പെട്ടെന്നാണ് പരാതിക്കാരന്റെ വാദം. എന്നാൽ ഈ കൊടുക്കൽ വാങ്ങലുകളൊന്നും തന്നെ അറിയിച്ചിട്ടില്ല. താൻ നൽകിയ പണം ചിത്രത്തിൽ വേണ്ട രീതിയിൽ നിക്ഷേപിക്കുന്നതിനു പകരം തങ്ങൾക്ക് നേട്ടമുണ്ടാക്കുന്നതിനായി ഉപയോഗിക്കുകയാണ് പ്രതികൾ ചെയ്തത്. പിന്നീട് ചിത്രത്തിന്റെ വിദേശ വിതരണക്കാരിൽനിന്നും മ്യൂസിക് കമ്പനിയിൽ നിന്നുമായി മൂന്നരക്കോടി രൂപയും തെലുങ്കു വിതരണക്കാരിൽ നിന്ന് രണ്ടു കോടി രൂപയും പ്രതികൾ വാങ്ങിയെന്നും പരാതിക്കാരൻ പറയുന്നു.

ചിത്രം വലിയ വിജയമായി. ഇന്ത്യയിൽ നിന്ന് 150 കോടി രൂപയും വിദേശത്തു നിന്ന് 75 കോടി രൂപയും നേടി. ഒടിടി, സാറ്റലൈറ്റ് റൈറ്റ് ഇനങ്ങളിലായി 20 കോടി രൂപയും ലഭിച്ചു. ഇത്തരത്തിൽ‍ സിനിമയ്ക്ക് ആകെ 250.15 കോടി രൂപ വരുമാനമുണ്ടായി. സിനിമ നിർമാണമടക്കമുള്ള ചെലവുകൾ കഴിച്ചാൽ 100 കോടി രൂപയെങ്കിലും ലാഭ ഇനത്തിൽ മിച്ചമുണ്ട്. കരാർ അനുസരിച്ച് ലാഭത്തിന്റെ 40 ശതമാനമായ 40 കോടി രൂപയ്ക്ക് താൻ അർഹനാണെന്നാണ് പരാതിക്കാരൻ പറയുന്നത്. ഏഴു കോടി രൂപ മുടക്കുമുതലും ഇതിനു പുറമെയുണ്ട്.

നിർമാണച്ചെലവ് 22 കോടി രൂപയാണെന്നു പ്രതികൾ പറഞ്ഞെങ്കിലും 10 കോടി രൂപയിൽ താഴെയായിരുന്നു യഥാർഥ നിക്ഷേപം എന്നും ഇതിൽ 7 കോടി രൂപ താൻ നൽകിയതാണെന്നും പരാതിക്കാരൻ പറയുന്നു. സിനിമ പൂർത്തിയാകുന്നതിനു മുമ്പുതന്നെ പ്രതികൾക്ക് 3 കോടിയിലധികം രൂപ തിരിച്ചു കിട്ടിയിരുന്നു. പ്രതികൾ പണം മുടക്കാതെ തന്നെക്കൊണ്ട് 7 കോടി രൂപ നിക്ഷേപം നടത്തിച്ച് അനധികൃതമായി ലാഭം നേടുകയായിരുന്നു എന്നാണ് പരാതിക്കാരൻ പറയുന്നത്.

ലാഭത്തിന്റെ 40 ശതമാനം തരാമെന്ന് പറഞ്ഞവർ ഇക്കഴിഞ്ഞ മാർച്ച് 23ന് 50 ലക്ഷം രൂപ തന്നത് പലവട്ടം ആവശ്യപ്പെട്ടപ്പോഴാണ്. ബാക്കി പണം ഉടൻ തരുമെന്നും പരാതി കൊടുക്കരുതെന്നും അഭ്യർഥിച്ചിരുന്നു. പിന്നീട് ഒരു കോടി രൂപ ഉടൻ അയയ്ക്കും എന്നു പറഞ്ഞ് മെസേജ് അയച്ചെങ്കിലും പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ലെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്.

പണം തന്നില്ല എന്നതിനു പുറമെ തനിക്കും കുടുംബക്കാർക്കുമെതിരെ അപകീർത്തികരമായ രീതിയിൽ സംസാരിക്കുന്നുവെന്നും തങ്ങൾ മാത്രമാണ് ചിത്രത്തിന്റെ നിർമാതാക്കൾ എന്ന രീതിയിൽ പ്രചരിപ്പിക്കുന്നെന്നും പരാതിക്കാരൻ പറയുന്നു. താൻ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും അവർ പരാതി സ്വീകരിച്ചില്ലെന്നും ഇതിനു കാരണം പ്രതികൾ ശക്തരും സ്വാധീനശക്തിയുള്ളവരും ആയതിനാലാണെന്നും തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നുവെന്നുമാണ് സിറാജ് പറയുന്നത്.

English Summary:

Case against producers of Manjummel Boys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com