ADVERTISEMENT

പനമരം (വയനാട്) ∙ നെല്ലിയമ്പത്ത് മോഷണശ്രമത്തിനിടെ ദമ്പതികളെ വധിച്ച കേസിലെ പ്രതി കായക്കുന്ന് കുറുമ കോളനിയിലെ അര്‍ജുന്‍ (27) കുറ്റക്കാരനെന്നു കോടതി. താഴെ നെല്ലിയമ്പം പദ്മാലയത്തില്‍ കേശവന്‍ (70), ഭാര്യ പദ്മാവതി (68) എന്നിവരെ 2021 ജൂണ്‍ 10ന് രാത്രി കൊലപ്പെടുത്തിയ സംഭവത്തിലാണു പ്രതി കുറ്റക്കാരനാണെന്നു ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. പ്രതി കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതിക്കു ബോധ്യപ്പെട്ടു. ശിക്ഷ 29ന് വിധിക്കും. 

താഴെ നെല്ലിയമ്പത്ത് കാപ്പിത്തോട്ടത്തിലായിരുന്നു ദമ്പതികളുടെ ഇരുനില വീട്. രാത്രി നിലവിളികേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അകത്തു നോക്കിയപ്പോഴാണ് ഹാളില്‍ കോണിപ്പടിക്കടുത്ത് സോഫയില്‍ രക്തംവാര്‍ന്നു കമിഴ്ന്നുകിടക്കുന്ന നിലയില്‍ കേശവനെ കണ്ടത്. തുണി മുറിവില്‍ അമര്‍ത്തി നിലവിളിക്കുകയായിരുന്നു പദ്മാവതി. സംഭവസമയം വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയെ തിരിച്ചറിയാന്‍ പദ്മാവതിക്കു കഴിഞ്ഞിരുന്നില്ല. പ്രതിയുടെ ആക്രമണത്തിൽ വയറിനും തലയ്ക്കും വെട്ടും കുത്തുമേറ്റ കേശവന്‍ സംഭവസ്ഥലത്തു മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പദ്മാവതി അടുത്ത ദിവസം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. 

പ്രത്യേക സംഘം മൂന്നു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണു പ്രതിയെ അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് 74 സാക്ഷികളെ വിസ്തരിച്ചു. 38 തൊണ്ടിമുതലും 181 രേഖയും പരിശോധിച്ചു. മാനന്തവാടി ഡിവൈഎസ്പിയുടെ കാര്യാലയത്തില്‍ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ അര്‍ജുന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായി മുന്‍കാല കുറ്റവാളികളടക്കം മൂവായിരത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തു. അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും നൂറ്റമ്പതോളം സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു. 

English Summary:

Court found accused guilty in the case of killing a couple during robbery attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com