‘ചുംബിക്കാൻ ശ്രമം’: തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന് യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർ
Mail This Article
തൃശൂർ ∙ യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്കു നേരെ തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി. ലോകമാകെ സഞ്ചരിച്ചു യാത്രാവിവരണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കീനൻ എന്നിവർക്കു നേരെയാണ് അതിക്രമമുണ്ടായത്. യുഎസുകാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കീനനും വിഡിയോ ദൃശ്യങ്ങൾ സഹിതം തങ്ങൾക്കു നേരിട്ട ദുരനുഭവം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് പൂരക്കാഴ്ചകൾ ചോദിച്ചറിഞ്ഞു വിഡിയോയിൽ പകർത്തുന്നതിനിടെ മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിക്കുന്നതു വിഡിയോയിൽ കാണാം. മക്കൻസി അസ്വസ്ഥയായി കുതറി മാറുന്നുണ്ട്. അതേ വിഡിയോയിൽ കീനനും തനിക്കു നേരിട്ട ദുരനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സുള്ള ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണു കീനൻ പറയുന്നത്. വിഡിയോ ദൃശ്യം പ്രചരിക്കുന്നതറിഞ്ഞെന്നും പക്ഷേ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണു പൊലീസ് പറയുന്നത്.
പൂരത്തിനു മുൻപു കേരളത്തിലെത്തിയ മക്കൻസിയും കീനനും കേരളം പൂർണമായും സ്ത്രീസൗഹൃദമാണെന്നു വിവരിച്ചുകൊണ്ടു നേരത്തേ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിനു പിന്നാലെയായിരുന്നു മക്കൻസിയുടെ വിഡിയോ. ജാർഖണ്ഡിലെ സംഭവം ഇന്ത്യയുടെ പൊതുചിത്രമല്ലെന്നും ഞങ്ങളിപ്പോൾ കേരളത്തിലാണുള്ളത്, ഇവിടം വളരെ സുരക്ഷിതമായി അനുഭവപ്പെടുന്നു എന്നുമായിരുന്നു മക്കൻസിയുടെ വിഡിയോ. ഇതു പോസ്റ്റ് ചെയ്തു ദിവസങ്ങൾക്കുള്ളിലാണ് അവർക്കും ദുരനുഭവം നേരിട്ടത്.