മോദിയുടെ വിദ്വേഷ പ്രസംഗങ്ങൾ തിരിച്ചടിക്കുമോ?; ബിഹാറിൽ എൻഡിഎ സഖ്യകക്ഷികൾ ആശങ്കയിൽ
Mail This Article
പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗങ്ങൾ ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ ഉൾപ്പെടെ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയിൽ സഖ്യകക്ഷികൾ. ബിഹാറിൽ മുസ്‌ലിം വോട്ട് നിർണായകമായ മണ്ഡലങ്ങളിൽ എൻഡിഎയ്ക്കു വേണ്ടി ജെഡിയു സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മതേതര പ്രതിഛായ കാരണം ജെഡിയു സ്ഥാനാർഥികൾക്കു ചില മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങളെക്കുറിച്ചു മുഖ്യമന്ത്രി നിതീഷ് കുമാർ നിലപാടു വ്യക്തമാക്കണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു. രാജ്യത്തു വർഗീയ കലാപങ്ങളുണ്ടായാൽ മോദിയായിരിക്കും ഉത്തരവാദിയെന്നും ഉവൈസി പറഞ്ഞു. ബിഹാറിലെ രണ്ടു കോടി 37 ലക്ഷം വരുന്ന മുസ്‌ലിം ജനത മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഗാരന്റിയിൽ വിശ്വാസമർപ്പിച്ചു ഭയരഹിതരായി വോട്ടു ചെയ്യണമെന്നു ജെഡിയു വക്താവ് തഹസീൻ നദീം അഭ്യർഥിച്ചു. മുസ്‌ലിം ജനവിഭാഗങ്ങൾക്കായി ഏറെ പദ്ധതികൾ നിതീഷ് സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് തഹസീൻ ഓർമിപ്പിച്ചു.
നരേന്ദ്ര മോദി നിലപാടു കടുപ്പിച്ചതു ബിഹാറിൽ ഇന്ത്യാ സഖ്യത്തിന് അനുകൂലമായി ന്യൂനപക്ഷ ധ്രുവീകരണത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് സഖ്യകക്ഷികളായ ജെഡിയുവും എൽജെപിയും (റാം വിലാസ്). ആർജെഡിയുടെ യാദവ – മുസ്‌ലിം വോട്ടു ബാങ്ക് ശക്തിപ്പെടാൻ മോദിയുടെ പരാമർശങ്ങൾ സഹായകമാകും. ബിഹാറിലെ 40 എൻഡിഎ സ്ഥാനാർഥികളിലെ ഏക മുസ്‌ലിം കിഷൻഗഞ്ചിലെ ജെഡിയു സ്ഥാനാർഥി മുജാഹിദ് ആലമാണ്. ഇന്ത്യാ സഖ്യത്തിൽ ആർജെഡിയും കോൺഗ്രസും രണ്ടു സീറ്റുകളിൽ വീതം മുസ്‌ലിം സ്ഥാനാർഥികളെയാണു മൽസരിപ്പിക്കുന്നത്.
ബിഹാറിൽ 15 സീറ്റുകളിൽ മൽസരിക്കാനൊരുങ്ങിയ എഐഎംഐഎം ഒരു സീറ്റിൽ ഒതുങ്ങാൻ തീരുമാനിച്ചത് ഇന്ത്യാ സഖ്യത്തിന് ആശ്വാസമായിരുന്നു. സീമാഞ്ചൽ മേഖലയിൽ അസദുദ്ദീൻ ഉവൈസി കിഷൻഗഞ്ചിലും ഷഹാബുദ്ദീന്റെ ഭാര്യ ഹിന ഷഹാബ് സ്വതന്ത്രയായി മൽസരിക്കുന്ന സിവാനിലും മാത്രമാണു ന്യൂനപക്ഷ വോട്ടുകൾ പ്രകടമായി ഭിന്നിക്കാനുള്ള സാധ്യതയുള്ളത് എന്നാണ് വിലയിരുത്തൽ.