ഈ നാട് മതേതരമാണല്ലോ, നാടു ഭരിക്കുന്ന സർക്കാരും അങ്ങനെ തന്നെയാകണം: വോട്ടു രേഖപ്പെടുത്തി മാർ തട്ടിൽ
Mail This Article
കൊച്ചി∙ മതേതരത്വമാണ് ഈ നാടിന്റെ പ്രത്യേകതയെന്നും അങ്ങനെയുള്ള നാടിന്റെ സർക്കാരും അപ്രകാരമാകണമെന്നും സിറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ. എല്ലാവർക്കും ഒരുപോലെ തുല്യത കിട്ടുന്ന, എല്ലാവർക്കും സുരക്ഷിതത്വം കിട്ടുന്ന നാടാണിത്. ആ നാടു ഭരിക്കുന്ന സർക്കാരും അങ്ങനെ തന്നെയാകണം.
വളരെ നിർബന്ധമായിട്ടുള്ള പൗരാവകാശമാണ് വോട്ടവകാശം. ആരും വോട്ടു ചെയ്യാതെ മാറിനിൽക്കരുത്. കാക്കനാട് തെങ്ങോട് ഗവൺമെന്റ് സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർ ജോർജ് ആലഞ്ചേരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
‘‘ഇവിടുത്തെ സർക്കാർ ആരായിരിക്കണം, എന്തായിരിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് ജനങ്ങളുടെ വോട്ടാണ്. ഈ വോട്ടു രേഖപ്പെടുത്തുമ്പോൾ നമ്മുടെ നാടിനോടുള്ള സ്നേഹവും ഇഷ്ടവും ഒരുപാടുണ്ട്. ഏറെ അഭിമാനത്തോടെയാണ് ഈ വോട്ടു ചെയ്തിരിക്കുന്നത്. ആരും വോട്ടു ചെയ്യാതെ മാറിനിൽക്കരുത്. വളരെ നിർബന്ധമായിട്ടുള്ള ഒരു പൗരാവകാശമാണ് വോട്ടവകാശം. അത് ഒരു ഓപ്ഷനല്ല, ഒബ്ലിഗേഷനാണ്. ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. അവരവരുടെ ബോധ്യത്തിന് അനുസരിച്ച് വോട്ടു ചെയ്യുന്നതാണ് ഉചിതം.
‘‘മതേതരത്വമാണല്ലോ ഈ നാടിന്റെ പ്രത്യേകത. എല്ലാ മതങ്ങളും ഒരുപോലെ, ഒരു കുടുംബം പോലെ ജീവിക്കുന്ന നാടാണിത്. അതിനെ എന്തു പേരിട്ടു വിളിച്ചാലും കുഴപ്പമില്ല. എല്ലാവർക്കും ഒരുപോലെ തുല്യത കിട്ടുന്ന, എല്ലാവർക്കും സുരക്ഷിതത്വം കിട്ടുന്ന നാടാണിത്. ആ നാടിന്റെ സർക്കാരും അങ്ങനെ തന്നെയാകണം.’’ – മാർ തട്ടിൽ പറഞ്ഞു.