വിവാദം ഗൂഢാലോചനയെന്ന് ഇ.പി; വിഷയം ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; നടപടിയുണ്ടാകും?
Mail This Article
തിരുവനന്തപുരം∙ ബിജെപി പ്രവേശനം സംബന്ധിച്ച വിവാദം കോണ്‍ഗ്രസ്–ബിജെപി തിരക്കഥയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇതിനു ദല്ലാൾ നന്ദകുമാറിനെ കൂടെ കൂട്ടുകയും ചെയ്തു. പല വിഷയങ്ങളിലും വിവാദം പ്രതീക്ഷിച്ചവർ നിരാശരായെന്നും ഗൂഢാലോചനയാണ് നടന്നതെന്നും ഇ.പി ആരോപിക്കുന്നു.
അതേസമയം, ഇ.പി.ജയരാജൻ വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിഷയം കടന്നുവരും. വോട്ടെടുപ്പ് ദിവസം സിപിഎമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കുന്ന നിലയിലേക്കാണ് വിവാദം ഉയര്‍ന്നത്. ഇ.പി. ജയരാജന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നെന്നാണ് വിവരം.
ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെ തുറന്നു സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ നടപടി രാഷ്ട്രീയ സ്ഫോടനങ്ങൾക്കാണ് തിരിതെളിച്ചത്. പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം ഇ.പി.ജയരാജൻ പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എങ്കിലും നേതാക്കളാരും പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല.
ഇ.പി വിവിധ ഘട്ടങ്ങളിൽ വിവാദങ്ങളിൽപെട്ടപ്പോഴും പ്രതികരിച്ചിരുന്നില്ല. എന്നാൽ, തിരഞ്ഞെടുപ്പു ദിവസമാണെന്നതു കണക്കിലെടുക്കാതെ മുഖ്യമന്ത്രിയും ഗോവിന്ദനും ഇന്നലെ പ്രതികരിച്ചു. എല്ലാം ഇ.പിയുടെ ഭാഗത്തു നിന്നുള്ള വിനയാണെന്ന തരത്തിൽ പിണറായിയും ഗോവിന്ദനും പ്രതികരിച്ചതോടെ എൽഡിഎഫ് കൺവീനറെന്ന നിലയിൽ ജയരാജനു തുടരാനാകുമോയെന്ന ചോദ്യവും ഉയരുന്നു.