എതിരാളികളെ വ്യക്തിഹത്യ നടത്തുന്നതല്ല തിരഞ്ഞെടുപ്പ് പ്രചാരണം: ഒരേ മനസ്സോടെ എറണാകുളത്തെ സ്ഥാനാർഥികൾ
Mail This Article
കൊച്ചി ∙ അന്ന് ഹൈബി പറഞ്ഞു, എതിരാളിയെ വ്യക്തിഹത്യ നടത്തുന്നതല്ല തിരഞ്ഞെടുപ്പ് പ്രചാരണം, വോട്ടെടുപ്പ് കഴിഞ്ഞ പാടേ പ്രധാന എതിരാളിയായ ഷൈൻ ടീച്ചർ പറഞ്ഞു; മാന്യമായി, പ്രതിപക്ഷ ബഹുമാനത്തോടെ പ്രവര്‍ത്തിച്ച എല്ലാവർക്കും നന്ദി എന്ന്. വ്യക്തിപരമായ ചെളിവാരിയെറിയലുകള്‍ക്കിടയിൽ വേറിട്ട ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എറണാകുളത്തെ സ്ഥാനാർഥികള്‍.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സമയത്താണ്, ‘മനോരമ ഓൺലൈനു’മായുള്ള ഒരഭിമുഖത്തിൽ എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ചിരുന്ന ഹൈബി ഈഡൻ ഒരു കാര്യം വ്യക്തമാക്കി. ‘‘പ്രധാന എതിരാളി ഒരു സ്ത്രീയാണ്. യാതൊരു വിധത്തിലുള്ള വ്യക്തിഹത്യയും പാടില്ല എന്ന് പ്രവർത്തകർക്ക് കർശന നിർദേശം നല്‍കിയിട്ടുണ്ട്. അവരെ അപകീർത്തിപ്പെടുത്തുന്നതോ അവഹേളിക്കുന്നതോ ആയ ഒന്നും ഉണ്ടാകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്’’ എന്ന്.
അതിനു ശേഷം രണ്ടു മാസത്തോളം നീണ്ട കടുത്ത പ്രചരണത്തിനിടയിലും എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികൾക്കിടയിൽ വ്യക്തിപരമായ പോർവിളികളുണ്ടായില്ല. വടകരയിലും ആലപ്പുഴയിലും പത്തനംതിട്ടയിലും വയനാടും തൃശൂരും കൊല്ലവുമൊക്കെ രാഷ്ട്രീയ പ്രേരിതവും അല്ലാത്തതുമായി സ്ഥാനാർഥികള്‍ തമ്മിലുള്ള വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞപ്പോഴും എറണാകുളം അക്കാര്യത്തിൽ മാറി നിന്നു. പലപ്പോഴും ആരോപണ, പ്രത്യാരോപണങ്ങൾ ഉന്നയിക്കാൻ പല മണ്ഡലങ്ങളിലേയും സ്ഥാനാർഥികൾ തിരഞ്ഞെടുത്ത വേദിയും കൊച്ചിയായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. പക്ഷേ, അത് എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥികളെ ബാധിച്ചില്ല എന്നതാണ് കെ.ജെ.ഷൈനിന്റെ പ്രതികരണം തെളിയിക്കുന്നത്.
ഒരു 'സർപ്രൈസ്' സ്ഥാനാർഥിയായി വിശേഷിപ്പിച്ച തന്നെ ഒടുവിൽ എറണാകുളത്തെ ജനങ്ങൾ കുടുംബാംഗമായി തിരഞ്ഞെടുത്തു എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. ഒപ്പം ഒരു കാര്യം കൂടി മണ്ഡലത്തിലെ വോട്ടർമാര്‍ക്കുള്ള നന്ദി പ്രകടനത്തിൽ അവര്‍ പറഞ്ഞു. ‘‘വളരെ മാന്യമായി പ്രതിപക്ഷ ബഹുമാനത്തോടുകൂടി ഈ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പിന് നേരിടുകയും ചെയ്ത എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും നേതാക്കൾക്കും, എന്നെ സപ്പോർട്ട് ചെയ്ത എല്ലാ മാധ്യമങ്ങൾക്കും നന്ദി’’, എന്നായിരുന്നു അത്. മറ്റൊരു സ്ഥാനാർഥിയായ ഡോ. കെ.എസ്. രാധാകൃഷ്ണനും അവലംബിച്ചത് വ്യക്തിപരമായ ആക്രമണമായിരുന്നില്ല, മറിച്ച് തന്റെ പാർട്ടിയുടെ ആശയപ്രചരണവും മണ്ഡലത്തിലെ കാര്യങ്ങളുമായിരുന്നു.
സ്ഥാനാർഥികൾ തമ്മിൽ വ്യക്തിപരമായ ചെളിവാരിയെറിയലുകളല്ല വേണ്ടതെന്നും പരസ്പര ബഹുമാനത്തോടെ രാഷ്ട്രീയം സംസാരിക്കുകയാണ് വേണ്ടതെന്നും പറയുക മാത്രമല്ല, പ്രവര്‍ത്തിച്ചു കാണിച്ചു തരിക കൂടിയായിരുന്നു എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥികള്‍