മണിപ്പുരിൽ ഭീകരാക്രമണം: 2 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു
Mail This Article
ബിഷ്ണുപ്പുർ∙ മണിപ്പുരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. 2 പേർക്കു പരുക്കേറ്റു. നരൻസേന ഗ്രാമത്തിലെ ഒരു കുന്നിൻമുകളിൽനിന്നും താഴ്‍വരയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കേന്ദ്രം ലക്ഷ്യമിട്ട് ഒരു സംഘം ഭീകരര്‍ വെടിയുതിർക്കുകയായിരുന്നെന്നാണു വിവരം.
സബ് ഇൻസ്പെക്ടർ എൻ. സർകർ, ഹെഡ് കോൺസ്റ്റബിൾ അരുപ് സൈനി എന്നിവരാണ് മരിച്ചത്. സിആർപിഎഫ് 128 ബറ്റാലിയനിൽപ്പെട്ടവരാണു രണ്ടുപേരും. ഇൻസ്പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിള്‍ അഫ്‍താബ് ദാസ് എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ അർധരാത്രി മുതൽ പുലർച്ചെ 2.15 വരെ ആക്രമണമുണ്ടായതായാണു വിവരം. ഭീകരർ ക്യാംപിന് നേരെ ബോംബ് എറിഞ്ഞതായും വിവരമുണ്ട്.
ആക്രമണം നടക്കവേ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ക്യാംപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടാനായി വ്യാപക ശ്രമങ്ങൾ നടക്കുകയാണെന്നു പൊലീസ് പറഞ്ഞു. 2023 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മെയ്തെയ്–കുക്കി സായുധ സംഘങ്ങൾ തമ്മിൽ കനത്ത വെടിവയ്പ്പുകൾ പൊട്ടിപ്പുറപ്പെട്ട പ്രദേശമാണ് നരൻസേന.