‘ഈ വേദന എന്റേത് മാത്രമല്ല, ഖർഗെയോട് എല്ലാം പറഞ്ഞിരുന്നു’: മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്ന് അരവിന്ദർ സിങ് ലവ്ലി
Mail This Article
ന്യൂഡൽഹി∙ മറ്റൊരു പാർട്ടിയിലും ചേരില്ലെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിങ് ലവ്‍ലി. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ലവ്‌ലിയുടെ പ്രതികരണം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചിട്ടില്ലെന്നും അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് താൻ രാജിവച്ചതെന്നും ലവ്‌ലി പറഞ്ഞു.
‘‘ഈ വേദന എന്റേത് മാത്രമല്ല. ഇത് കോൺഗ്രസിന്റെ എല്ലാ നേതാക്കളുടേതുമാണ്. ഞാൻ അത് മല്ലികാർജുൻ ഖർഗെയുമായി ഒരു കത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് എന്റെ രാജിയെന്നുള്ള വാർത്ത കിംവദന്തി മാത്രമാണ്’’– അരവിന്ദർ സിങ് ലവ്‍ലി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് അയച്ച കത്തിൽ, അഴിമതിക്കേസുമായി ബന്ധപ്പെട്ട് നിരവധി എഎപി മന്ത്രിമാരെ ജയിലിലടച്ച കാര്യം ലവ്‌ലി ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‌രിവാളിന്റെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി. ഡൽഹി കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യം സംരക്ഷിക്കാൻ കഴിയാതെയാണ് സ്ഥാനമൊഴിയുന്നതെന്നും ലവ്‍ലി കത്തിൽ പറയുന്നു.
അതേസമയം, ഡൽഹിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് അരവിന്ദർ സിങ് ലവ്‌ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്. ഡൽഹിക്ക് അപരിചിതരായ സ്ഥാനാർഥികളെ കൊണ്ടുവന്നതിൽ അദ്ദേഹം അതൃപ്തനായിരുന്നു എന്നാണ് വിവരം. യുവനേതാവ് കനയ്യ കുമാറിന്റെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽനിന്നു തന്നെ അകറ്റി നിർത്തിയതിലും ലവ്‍ലി അസ്വസ്ഥനായിരുന്നു.