ലാവ്ലിൻ കേസിൽ അന്തിമവാദം വ്യാഴാഴ്ച; ഹർജി ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി
Mail This Article
ന്യൂഡല്‍ഹി ∙ ലാവ്‍ലിൻ കേസിൽ സുപ്രീംകോടതിയിൽ വ്യാഴാഴ്ച അന്തിമവാദം നടക്കും. മറ്റ് കേസുകളുടെ വാദം നീണ്ടുപോയതിനെ തുടർന്നു ബുധനാഴ്ച മാറ്റിവച്ച ഹർജി അടുത്ത ദിവസത്തേക്കു ലിസ്റ്റ് ചെയ്യുകയായിരുന്നു. 113–ാം നമ്പർ കേസായാണ് ലാവ്‌ലിൻ ബുധനാഴ്ച ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കേസ് നമ്പർ 101ന്‍റെ വാദം നീണ്ടുപോയതിനെ തുടർന്ന് ലാവ്‍ലിൻ കേസ് കോടതി പരിഗണിച്ചില്ല.
കേസ് നമ്പർ 101നു പിന്നാലെ 2 കേസുകളില്‍ കൂടി വാദം കേട്ട ശേഷം കോടതി പിരിയുകയായിരുന്നു. എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്.