‘ബിസിനസിനെ ബാധിക്കും’; ഇ–പാസിനെതിരെ സ്റ്റേ നേടാൻ കൊടൈക്കനാൽ വ്യാപാരികൾ
Mail This Article
കൊടൈക്കനാൽ∙ തമിഴ്നാട്ടിലെ ഊട്ടിയും കൊടൈക്കനാലും ഉൾപ്പെടുന്ന നീലഗിരി ജില്ലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ ഇ–പാസ് സംവിധാനത്തിനെതിരെ കൊടൈക്കനാലിലെ വ്യാപാരികളും റിസോർട്ട് ഉടമകളും രംഗത്ത്. മേയ് 25 മുതൽ 27 വരെ കൊടൈക്കനാലിൽ ഫ്ലവർഷോ നടക്കുകയാണെന്നും അതുൾപ്പെടെയുള്ള വിവിധ കാര്യങ്ങളെ ഈ ഇ–പാസ് സംവിധാനം ഗുരുതരമായി ബാധിക്കുമെന്നും ഹൈഡ്രേഞ്ചിയ ഹോസ്പിറ്റാലിറ്റി കെയർടേക്കർ യുവ രാജ് പറഞ്ഞു. ‘‘കോടതിയുടെ ഉത്തരവ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജില്ലാ ഭരണകൂടം ഇതിൽ തീരുമാനം എടുത്തിട്ടില്ല. കൊടൈക്കനാലിലെ എല്ലാ വ്യവസായങ്ങളെയും വ്യാപാരങ്ങളെയും ഇതു ബാധിക്കും. അതുകൊണ്ട് സ്റ്റേ വാങ്ങാനാണു തീരുമാനം’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആളുകളെ തടയില്ലെന്നും എത്ര ആളുകൾക്ക് ഇ–പാസ് നൽകാമെന്നതു സംബന്ധിച്ച നിയന്ത്രണം കോടതി ഉത്തരവിൽ ഇല്ലെന്നും ബന്ധപ്പെട്ട വ്യക്തികൾ പറയുന്നുണ്ട്. ഇ–പാസ് എന്നു കേൾക്കുമ്പോൾ ആ ബുദ്ധിമുട്ട് മറികടക്കാനായി കൊടൈക്കനാൽ ഒഴിവാക്കുമോ എന്ന ഭീതിയാണ് വ്യാപാരികൾക്കും റിസോർട്ട് ഉടമകൾക്കുമുള്ളത്.
മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് നീലഗിരി ജില്ലയിൽ ഇ–പാസ് നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിറക്കിയത്. കേരളത്തിൽനിന്നടക്കം കടുത്ത ചൂടിൽനിന്നു രക്ഷനേടാൻ വേണ്ടിയാണു തണുപ്പു നിറഞ്ഞ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ആളുകൾ പോകുന്നത്. പലപ്പോഴും കടുത്ത ഗതാഗതക്കുരുക്കാണ് ആഴ്ചയവസാനങ്ങളിലും അവധിദിവസങ്ങളിലും ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വഴികളിലുണ്ടാകുന്നത്. മണിക്കൂറുകൾ കുരുങ്ങിക്കിടന്നാണ് പലപ്പോഴും ലക്ഷ്യസ്ഥാനത്തേക്കും തിരിച്ചും ആളുകൾ എത്തുക.
∙ പ്രദേശവാസികൾക്ക് ഇ–പാസ് വേണ്ട
ഊട്ടി, കൊടൈക്കനാൽ പ്രദേശങ്ങളിൽ സ്ഥിരമായി താമസിക്കുന്ന പ്രദേശവാസികൾക്ക് ഇ–പാസ് വേണ്ട. ഇങ്ങോട്ടേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കു വേണ്ടി മാത്രമാണ് പുതിയ തീരുമാനം. ഇതോടെ, ഈ വേനൽക്കാലത്ത് ഹിൽസ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാരെക്കുറിച്ച് കൃത്യമായ വിവരം അധികാരികൾക്കുണ്ടാകും. കോടതി ഉത്തരവിന് അനുസരിച്ച് ജില്ലാ ഭരണകൂടം ഉടൻ നടപടികളെടുക്കുമെന്നാണു വിവരം.