ADVERTISEMENT

കൽപറ്റ∙ ‘മസിനഗുഡി വഴി ഊട്ടി’ യാത്രയ്ക്ക് മദ്രാസ് ഹൈക്കോടതി പൂട്ടിട്ടതോടെ വെട്ടിലായത് വയനാട് ടൂറിസം മേഖല. ആളുകളുടെ തിരക്കും ചൂടും ജലക്ഷാമവും രൂക്ഷമയാതോടെയാണു കോടതി ഊട്ടിയിലേക്കു പോകുന്നുവർക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്തു കിടക്കുന്ന വയനാട് ജില്ലയ്ക്കാണ് ഇരുട്ടടി കിട്ടിയത്. 

വയനാട്ടിലെ വിനോദ സഞ്ചാരമേഖല വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് അയൽ സംസ്ഥാനത്തെ കോടതി ഉത്തരവും കൂടി തളർച്ചയ്ക്ക് ആക്കം കൂട്ടുന്നത്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. അതിനാൽ വയനാട്, ഊട്ടി എന്നീ സ്ഥലങ്ങളിലായി രണ്ട് ദിവസത്തെ ടൂർ പാക്കേജിലാണു പലരും വയനാട്ടിലേക്ക് എത്തിയിരുന്നത്. പുതിയ നിയന്ത്രണം വന്നതോടെ ഊട്ടിയിലേക്കു പോകാൻ ആളുകൾ മടിക്കുകയാണ്. അതുകൊണ്ട് വയനാടിനെയും പതുക്കെ ഒഴിവാക്കുന്നു. മേയ് 7 മുതൽ ജൂൺ 30 വരെയാണു നിയന്ത്രണം. ഇ പാസ് ഉള്ളവരെ മാത്രമേ ഊട്ടിയിലേക്കു കടത്തിവിടാൻ പാടുള്ളു എന്നാണു കോടതി ഉത്തരവ്. 

പൂക്കോട് തടാകം.
പൂക്കോട് തടാകം.

ഇക്കോ ടൂറിസം പൂട്ടി, വയനാട് തളർന്നു

വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണു വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂട്ടിയത്. ഇതോടെ വയനാട്ടിലെ പ്രധാന ആകർഷക കേന്ദ്രങ്ങളായ ഏഴോളം വിനോദ സഞ്ചാര കേന്ദ്രങ്ങളാണു പൂട്ടിക്കിടക്കുന്നത്. രണ്ട് ദിവസം വയനാട് സന്ദർശനത്തിനെത്തിയിരുന്നവർ ഒരു ദിവസമാക്കി വെട്ടിച്ചുരുക്കിയെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹി അനീഷ് ബി. നായർ പറഞ്ഞു. തെക്കൻ ജില്ലകളിൽനിന്നു വയനാട്ടിലേക്കു വരുന്നവർ മുൻപ് രണ്ട് ദിവസവും വയനാട്ടിൽ സമയം ചെലവഴിക്കാനാണ് എത്തിയിരുന്നത്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂട്ടിയതോടെ വയനാട് – ഊട്ടിയിലേക്കായി യാത്ര. 

പൂരിഞ്ഞി മലമുകളിലെ കാഴ്ച.
പൂരിഞ്ഞി മലമുകളിലെ കാഴ്ച.

തെക്കൻ ജില്ലക്കാർ രാത്രിയിൽ യാത്ര തുടങ്ങി പുലർച്ചെ വയനാട്ടിൽ എത്തി സന്ദർശനം നടത്തി, രാത്രി വയനാട്ടിൽ തങ്ങി രാവിലെ ഊട്ടിയിലേക്കു പോയി വൈകിട്ട് മടങ്ങുന്നതായിരുന്നു രീതി. ഊട്ടിയിൽ റൂം വാടക കൂടുതലായതിനാൽ പല ടൂർ കമ്പനികളും വയനാടാണു താമസത്തിനു തിരഞ്ഞെടുത്തിരുന്നത്. ഊട്ടിയിൽ നിയന്ത്രണം വരുന്നതോടെ വയനാട്ടിലേക്കു മാത്രമായി സഞ്ചാരികൾ എത്താൻ സാധ്യത കുറവാണ്. പ്രധാന കാരണം വയനാട്ടിലെ പകുതിയോളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നു എന്നതു തന്നെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 30 ശതമാനമാണു വയനാട്ടിൽ സഞ്ചരികളുടെ കുറവ്. ഊട്ടിയിലെ നിയന്ത്രണം കൂടിയാകുമ്പോൾ അത് 50 ശതമാനമെങ്കിലുമാകുമെന്നും അനീഷ് പറഞ്ഞു. 

മസിനഗുഡി വഴി ഊട്ടിക്കുപോകുന്ന റോഡ്.  (Photo Courtesy: Tamil Nadu Tourism,Culture and Religious Endowments Department)
മസിനഗുഡി വഴി ഊട്ടിക്കുപോകുന്ന റോഡ്. (Photo Courtesy: Tamil Nadu Tourism,Culture and Religious Endowments Department)

ഊട്ടിയിൽ വെള്ളമില്ല, ഗതാഗതക്കുരുക്ക് രൂക്ഷം

വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ഊട്ടിയിലേക്കു കയറിയതോടെ ഒരു തരത്തിലും നിയന്ത്രിക്കാൻ സാധിക്കാത്ത ഗതാഗതക്കുരുക്കാണുണ്ടായത്. ഗൂഡല്ലൂർ മുതൽ ഊട്ടി വരെ ഗതാഗതക്കുരുക്ക് നീണ്ടു. ഇതിനിടെയാണു കടുത്ത വേനലിൽ ജലസ്രോതസ്സുകൾ വറ്റിയത്. ഊട്ടിയിലെ ഡാമുകളുടെ അടിത്തട്ട് വരെ കാണാൻ സാധിക്കുന്ന അവസ്ഥയായി. തണുപ്പ് തേടി ഊട്ടിയിലെത്തിയവർ വെള്ളം കിട്ടാതെ ചൂടേറ്റ‌ു വാടിക്കരിഞ്ഞു. വെള്ളമില്ലാതായതോടെ ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റി. ഇതിനെല്ലാം പുറമേ വനമേഖലയായ ഊട്ടിയിലേക്ക് ആളുകളുടെ തള്ളിക്കയറ്റവും വാഹനപ്പെരുപ്പവും മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാകാൻ തുടങ്ങി. ഇതോടെയാണു കോടതി സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. 

ടുക് ടുക് ടൂറിസം പദ്ധതിയിൽ ആദ്യ യാത്രക്കാരായ ബെൽജിയം സ്വദേശികൾ എമിലി സുസിനും ബാസ്റ്റിൻ ഗ്രോമെച്ചും ഓട്ടോഡ്രൈവർ ഷെരീഫിനൊപ്പം
ടുക് ടുക് ടൂറിസം പദ്ധതിയിൽ ആദ്യ യാത്രക്കാരായ ബെൽജിയം സ്വദേശികൾ എമിലി സുസിനും ബാസ്റ്റിൻ ഗ്രോമെച്ചും ഓട്ടോഡ്രൈവർ ഷെരീഫിനൊപ്പം

അവധി ദിനത്തിൽ ഊട്ടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ജില്ലയിലെ ജനജീവിതം പോലും തടസ്സപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അവധി ദിനത്തിൽ കേരളത്തിൽനിന്നുള്ള സഞ്ചാരികളുടെ വാഹനങ്ങൾ നിരയായി ചുരമിറങ്ങുമ്പോൾ അപകടത്തിൽ പെടുന്നതും സ്ഥിര സംഭവമായി മാറി. രാവിലെ ഗൂഡല്ലൂരിൽനിന്നു പുറപ്പെട്ടവർ ഊട്ടിയിൽ എത്തുന്നത് അർധരാത്രിയിലായിരുന്നു. ഇരുപതിനായിരത്തിലധികം വാഹനങ്ങളാണു പ്രതിദിനം ഊട്ടിയിലെത്തുന്നത്. പുതിയ നിയന്ത്രണം ഊട്ടിയിലെ ആളുകളെ സംബന്ധിച്ചിടത്തോളം ആശ്വാസമാണെങ്കിലും വിനോദസഞ്ചാരികൾക്കും വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആശാവഹമല്ല. 

ഗൂഡല്ലൂർ വഴി അല്ലാതെ ഊട്ടിയിലേക്കുള്ള മറ്റൊരു വഴിയാണു ബത്തേരി–ഗുണ്ടിൽപേട്ട്–മസിനഗുഡി–ഊട്ടി. ഈ അടുത്ത കാലത്ത് പ്രസിദ്ധമായ ‘മസിനഗുഡി വഴി ഊട്ടി’യിലേക്കുള്ള യാത്രയും നിയന്ത്രിക്കുന്നതോടെ വയനാടിനെയും നിയന്ത്രണം സാരമായി ബാധിക്കുമെന്നാണു വിലയിരുത്തൽ.  

English Summary:

Wayanad's tourism sector suffered a setback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com