അരങ്ങിൽ ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’; കാണികളായി കോൺഗ്രസിന്റെ മുൻനിര നേതാക്കൾ, ചുക്കാൻ പിടിച്ച് സി.ആർ.മഹേഷ്
Mail This Article
കൊച്ചി∙ ‘‘വിമർശനാത്മകമായി എന്തെങ്കിലും പറഞ്ഞാലോ എഴുതിയാലോ ജീവൻ ബാക്കിയുണ്ടാകുമോ എന്നു സംശയിക്കുന്ന കാലത്താണ് ഇന്നു നാം ജീവിക്കുന്നത്. ശരിക്കു വേണ്ടി, സാമൂഹിക പ്രതിബദ്ധതയ്ക്കു വേണ്ടി ഏറ്റവുമധികം പോരാടിയിരുന്ന കലാരൂപങ്ങളാണ് നാടകവും സിനിമയുമൊക്കെ. എന്നാൽ ഇന്ന് എല്ലായിടത്തും നിശബ്ദതയാണ്’’, കോൺഗ്രസിന്റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിച്ചത് ‘സാഹിതി തിയറ്റേഴ്സി’ന്റെ നാടകം ഉദ്ഘാടനം ചെയ്തുകൊണ്ടാണ്. 15 കൊല്ലത്തിനുശേഷം കെപിസിസി പുനരുജ്ജീവിപ്പിച്ച നാടക സമിതിയുടെ ആദ്യ നാടകാവതരണം ഇന്നലെ കൊച്ചിയിൽ നടന്നു.
കാണികളായി കോൺഗ്രസിന്റെ മുൻനിര നേതാക്കൾ, ചുക്കാൻ പിടിച്ച് കോണ്‍ഗ്രസ് എംഎൽഎ സി.ആർ.മഹേഷ്, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ വേദിയിലെത്തുമ്പോൾ സാക്ഷിയാവാൻ വലിയ പ്രക്ഷേക നിര തന്നെ കൊച്ചിയിലെത്തി. ഉദ്ഘാടകൻ കെ.സി.വേണുഗോപാൽ, പ്രഭാഷകനായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസ്സൻ, ചലച്ചിത്ര സംവിധായകൻ സിബി മലയിൽ, എംഎൽഎമാരായ ടി.ജെ.വിനോദ്, ഉമാ തോമസ്, മാത്യു കുഴൽനാടൻ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ജോസഫ് വാഴയ്ക്കൻ, ദീപ്തി മേരി വർഗീസ്, എഴുത്തുകാരൻ ജോർജ് ജോസഫ്, ചലച്ചിത്ര സംവിധായകൻ ആലപ്പി അഷ്റഫ് തുടങ്ങിയവർ 2.10 മണിക്കൂർ നീണ്ട നാടകം കണ്ടവരിൽ ഉൾപ്പെടും.
രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ രൂപം കൊടുത്തതാണു സാഹിതി തിയറ്റേഴ്സ്. എന്നാൽ പിന്നീട് നിലച്ചുപോയ ഇതിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കാൻ കോഴിക്കോട് ചിന്തൻ ശിബിരത്തിൽ തീരുമാനമായി. നാടക പശ്ചാത്തലമുള്ള കരുനാഗപ്പള്ളി എംഎൽഎ സി.ആർ.മഹേഷിനു ചുമതലയും നൽകി. സംസ്ഥാന നാടക അവാർഡ് ജേതാക്കളായ ഹേമന്ദ് കുമാറാണ് നാടകത്തിന്റെ രചന, രാജേഷ് ഇരുളം സംവിധാനവും നിർവഹിച്ചു. ഒരു മാസത്തോളം സമയമെടുത്താണു നാടകം ഒരുക്കിയെടുത്തത്. നാടകത്തിന് 22 ലക്ഷം രൂപയോളം ചെലവായെന്നു മഹേഷ് പറയുന്നു. എന്തുകൊണ്ടാണ് ‘മുച്ചീട്ടു കളിക്കാരന്റെ മകൾ’ തിരഞ്ഞെടുത്തത്? രാഷ്ട്രീയ പ്രവർത്തകരെ അടക്കം രൂക്ഷമായി നാടകത്തിൽ വിമർശിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോടു മഹേഷ് പ്രതികരിച്ചത് ഇങ്ങനെ, ‘‘അത് ഹേമന്ദ് കുമാറിന്റെ തിരഞ്ഞെടുപ്പാണ്. പിന്നെ നാടകം എല്ലാക്കാലത്തും അങ്ങനെ തന്നെയാണ്. അതിനൊരു പ്രതിപക്ഷ സ്വരമുണ്ട്. ഭരണകൂടത്തെ വിമർശിക്കുകയാണ് അത് ചെയ്യുന്നത്. അതാണ് നാടകത്തിന്റെ പ്രത്യേകത. നമ്മുടെ നാടിനെ നവീകരിക്കുന്നതിൽ, നന്നാക്കുന്നതിൽ, ഇളക്കി പ്രതിഷ്ഠിക്കുന്നതിൽ നാടകത്തോളം സ്വാധീനം ചെലുത്തിയ മറ്റൊന്നില്ല. ഒരു കാലഘട്ടത്തിൽ കേരളത്തിൽ ഒരു സർക്കാർ അധികാരത്തിൽ വരാന്‍ പോലും ഉപകരണമായത് നാടകമാണ്’’ – രൂക്ഷമായ ആക്ഷേപഹാസ്യത്തിലൂടെയാണു ഹേമന്ദ് കുമാറും രാജേഷ് ഇരുളവും ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും ഒറ്റക്കണ്ണൻ പോക്കർ (വിനോദ് മായണ്ണൂർ), മകൾ സൈനബ (സന്ധ്യ), മണ്ടൻ മുത്തപ്പ (മുരളി ബാബു), ആനവാരി രാമൻ നായർ (സാജു മേനോൻ), പൊൻകുരിശ് തോമ (സാബു ചെറായി), പൊലീസ് (ചേട്ടൻ പനയ്ക്കൽ) എന്നിവരിലൂടെയാണു നാടകം മുന്നോട്ടു പോകുന്നത്. വള്ളവും ആനയും മുച്ചീട്ടുകളിയും ചായക്കടയും ബീഡിവലിയുമെല്ലാം കാണികൾക്കു മുന്നിൽ യഥാതഥമെന്നോണം നിറയുന്നു.
കെപിഎസി കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറയിടുന്നതിൽ സഹായിച്ചെങ്കിൽ കോൺഗ്രസിന് അത്തരത്തിലൊരു രാഷ്ട്രീയ സഹായം ഇത്തരം നാടകങ്ങളിലൂടെ ഉണ്ടാകമോ? ‘‘മൈക്ക് ഉണ്ടെന്നും എന്തും പറയാമെന്നും കരുതി നാട്ടിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനോ ഭിന്നിപ്പിക്കാനോ ശ്രമിച്ചാൽ അതു ചോദ്യം ചെയ്യപ്പെടുന്നില്ല എങ്കിൽ എന്തു സാമൂഹിക പ്രതിബദ്ധതയാണുള്ളത്? അത് രാഷ്ട്രീയ പ്രവർത്തകരുടെ മാത്രം ഉത്തരവാദിത്തമല്ല, എല്ലാവരുടെയും ഉത്തരവാദിത്തമാണ്’’, കെ.സി.വേണുഗോപാൽ സംസാരിച്ചു നിർത്തിയത് ഇങ്ങനെ.