‘റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടുകാരെ അറിയിക്കണമായിരുന്നു; രാഹുൽ ചെയ്തത് നീതികേട്’
Mail This Article
കൽപറ്റ∙ മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. അക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്തതാണെന്നും ആനി രാജ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാം. അത് സ്ഥാനാര്‍ഥികളുടെ അവകാശമാണ്. എന്നാല്‍, രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് രാജിവയ്ക്കേണ്ടിവരും. ഏത് മണ്ഡലത്തില്‍നിന്ന് രാജിവച്ചാലും ആ മണ്ഡലത്തില്‍ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടര്‍മാരോടുള്ള അനീതിയാണത്. രണ്ടു മണ്ഡലത്തിൽ മത്സരിക്കുന്നത് പെട്ടെന്നെടുത്ത തീരുമാനമായിരിക്കില്ലല്ലോ. ഇത്തരം ചര്‍ച്ചകള്‍ ആ പാര്‍ട്ടിക്കുള്ളില്‍ മുൻപ് തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തീരുമാനമെടുത്തില്ലെങ്കില്‍പോലും ഇത്തരമൊന്ന് ചര്‍ച്ചയിലുണ്ട് എന്ന് പറയാനുള്ള ധാര്‍മികമായ ബാധ്യത രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടില്‍ മത്സരിച്ചത്. സന്ദര്‍ഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോണ്‍ഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു.