ക്ലൈമാക്സിൽ റായ്ബറേലി!; രാഹുൽ ഹിന്ദി ഹൃദയഭൂമിയിലേക്കെത്തുന്നത് ജോഡോ യാത്രയുടെ കരുത്തുമായി
Mail This Article
ന്യൂഡൽഹി∙ റായ്ബറേലിയിൽ അങ്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നതോടെ ഹിന്ദി ഹൃദയഭൂമിയിൽ ചലനം സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പാർട്ടിക്കും ഇന്ത്യാ മുന്നണിക്കും രാഹുലിന്റെ സ്ഥാനാർഥിത്വം ഒരുപോലെ ശക്തിപകരുമെന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും വിശ്വാസം. സോണിയ ഗാന്ധി കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച റായ്ബറേലിയിൽ രാഹുൽ എത്തുന്നതോടെ മണ്ഡലം നിലനിർത്തുന്നതിനൊപ്പം അതിന്റെ ചലനങ്ങൾ ഉത്തർപ്രദേശിലെ മറ്റു മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാം എന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
2019ൽ സ്മൃതി ഇറാനിയോടു പരാജയപ്പെട്ട രാഹുൽ അല്ല ഇത്തവണ റായ്ബറേലിയിലെത്തുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ നടന്നും അനുഭവങ്ങൾ ഏറ്റുവാങ്ങിയും ജനങ്ങളോട് ഇടപഴകിയുമാണു രാഹുൽ റായ്ബറേലിയിലെ ജനങ്ങൾക്കു മുന്നിലേക്കെത്തുന്നത്. തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികളിൽ തകർന്നിരുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ജോഡോ യാത്ര നൽകിയ ഊർജം ചില്ലറയല്ല. പാർട്ടിയുടെ അടിത്തറ വീണ്ടെടുക്കുന്നതിനായി രാഹുൽ മുന്നിട്ടിറങ്ങിയതു പ്രവർത്തകരെ ആവേശംകൊള്ളിച്ചു. ആ ആവേശം നിലനിൽക്കുന്നതിനാലാണ് ഒരു ഘട്ടത്തിൽ രാഹുൽ ഉത്തരേന്ത്യയിലേക്ക് മത്സരത്തിനില്ലെന്നു പറഞ്ഞപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ നെഞ്ചു പിടഞ്ഞത്. 2019ൽ തോറ്റപ്പോഴും അമേഠിയുമായുള്ള തന്റെ ബന്ധം ഒരിക്കലും വേർപ്പെടുത്താനാകില്ലെന്നാണു രാഹുൽ പറഞ്ഞത്.
2019ല്‍ ഉത്തർപ്രദേശിൽ കോണ്‍ഗ്രസിന് ആകെ കിട്ടിയത് സോണിയ ഗാന്ധിയുടെ റായ്ബറേലി മാത്രമാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 399 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് കിട്ടിയത് വെറും രണ്ട് സീറ്റ്. തോല്‍വിയുടെ നിരാശ രാഹുലിനെ വലിയതോതിൽ അലട്ടിയിരുന്നു. അഖിലേഷ് യാദവുമായി യാതൊരു പോറലുമില്ലാതെ ഉണ്ടാക്കിയെടുത്ത ഇത്തവണത്തെ സഖ്യം അതിൽ നിന്നുള്ള പാഠമാണ്. പരമാവധി വിട്ടുവീഴ്ച ചെയ്ത് സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്ത് അവർക്കും അവസരം നൽകുന്ന സമീപനമാണ് യുപി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാഹുൽ സ്വീകരിച്ചത്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 55,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവ് സ്മൃതി ഇറാനി രാഹുലിനെ വീഴ്ത്തിയത്. 1967ൽ രൂപീകൃതമായതുമുതൽ അമേഠി കോൺഗ്രസിന്റെ കോട്ടയാണ്. അമേഠിയും നെഹ്‌റു കുടുംബവും തമ്മിലുള്ളതാകട്ടെ ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ബന്ധവുമാണ്. 2004ലെ ആദ്യ ശ്രമത്തിൽ തന്നെ സീറ്റ് നേടിയ രാഹുൽ 2009ൽ 3.70 ലക്ഷം വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ വീണ്ടും വിജയിച്ചെങ്കിലും എതിരാളി സ്മൃതി ഇറാനി കടുത്ത പോരാട്ടം നടത്തിയിരുന്നു. 2014-ലെ തോൽവിക്കു ശേഷം മണ്ഡലം തുടർച്ചയായി സന്ദർശിച്ചതിന്റെയും കേന്ദ്ര പദ്ധതികൾ നടപ്പാക്കിയതിന്റെയും ഫലമാണ് സ്മൃതിയുടെ വിജയമെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തിയത്. റായ്ബറേലിയിൽ മത്സരിക്കുമ്പോഴും രാഹുൽ അമേഠിയിൽനിന്ന് ഒളിച്ചോടിയെന്നാകും സ്മൃതിയുടെയും ബിജെപിയുടെയും ഇനിയുള്ള പ്രചരണം. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലേക്കുള്ള സർപ്രൈസ് എൻട്രി എന്തൊക്കെ ചലനം ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സൃഷ്ടിക്കുമെന്നറിയാൻ ജൂൺ 4 വരെ കാത്തിരിക്കേണ്ടി വരും.