നവജാത ശിശുവിന്റെ മരണകാരണം തലയോട്ടിക്കുണ്ടായ പരുക്ക്; പരിശോധിച്ച് പൊലീസ്
Mail This Article
കൊച്ചി∙ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കീഴ്താടിക്കും പരുക്കുണ്ട്. മുറിക്കുള്ളിൽ വച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ മരണകാരണമായ പരുക്ക് തലയോട്ടിക്കുണ്ടായതെന്ന് പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
കൊലക്കുറ്റം ചുമത്തി കേസെടുത്ത അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.യുവതി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി. അതിജീവിത ഗർഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കൾ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് സമീപത്തെ ഫ്ലാറ്റിൽനിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയത്. പൊലീസ് ഫ്ലാറ്റിലെത്തി ചോദ്യം ചെയ്യുന്നതുവരെ തങ്ങളുടെ മകളാണ് ഇതു ചെയ്തത് എന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണു പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. വല്ലാത്ത നടുക്കത്തിലാണു പെൺകുട്ടിയെന്നും കൂടുതൽ ചോദ്യം ചെയ്യലിനുശേഷമേ പൂർണമായ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.