ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി∙നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഈ കേസിലും അന്വേഷണം ഊർജിതമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകക്കുറ്റം ചുമത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞ് ചാപിള്ളയായാണോ ജനിച്ചത്, അതോ ജനിച്ച ശേഷം കൊലപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ. നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായ അസാധാരണ സംഭവത്തിന്റെ നടുക്കത്തിലാണ് കൊച്ചി നിവാസികൾ ഇപ്പോഴും.

രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. സമീപവാസിയായ ജിതിൻ, ഷിപ്‌യാര്‍ഡിലെ സ്കൂളിൽ കുട്ടികളെ ഇറക്കിയ ശേഷം തിരികെ വരുമ്പോഴാണ് റോ‍ഡിൽ എന്തോ കിടക്കുന്നതു കണ്ടത്. ഒരു വാഹനം അവിടുത്തെ ഫ്ളാറ്റിൽനിന്നു പുറത്തേക്ക് പോയെന്നും അത് കടന്നു പോകാന്‍ തന്റെ വാഹനം ഒതുക്കിയപ്പോഴാണ് റോഡിൽ കുഞ്ഞും കുറിയർ പായ്ക്കറ്റും കിടക്കുന്നതു കണ്ടതെന്നും ജിതിൻ പറയുന്നു. ഉടൻ െപാലീസിനെ വിളിച്ചു. എട്ടേമുക്കാലോടെ പൊലീസും മാധ്യമ പ്രവർത്തകരും സ്ഥലത്തെത്തി. പ്രഭാത നടപ്പുകാരും അത്യാവശ്യം ഗതാഗതത്തിരക്കുമുള്ള റോഡാണ് ഇത്. എന്നാൽ അവരാരും കുഞ്ഞിനെ കണ്ടിട്ടില്ല എന്നതുകൊണ്ട് എട്ടു മണിയോട് അടുപ്പിച്ചായിരിക്കാം സംഭവമെന്ന് പൊലീസ് കണക്കുകൂട്ടി. ഇതിനിടെ സ്ഥലത്തെ കൗണ്‍സിലർമാരായ അഞ്ജനയും ആന്റണി പൈനുത്തറയും സ്ഥലത്തെത്തി. തുടർന്നാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ഈ ദൃശ്യം ലഭിച്ചതാണ് കേസിൽ വേഗം തുമ്പുണ്ടാകാൻ കാരണം.

സമീപത്തുള്ള അപ്പാർട്ട്മെന്റിൽനിന്ന് അവിടെ പടർന്നു നിൽക്കുന്ന ചെടികൾക്കിടയിലൂടെ എന്തോ റോഡിലേക്കു വീഴുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്. 8.11 നായിരുന്നു ഇത്. ഇതോടെ അപ്പാര്‍ട്ട്മെന്റിലെ ഏതോ ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത് എന്നു സംശയമുയർന്നു. ഏഴു നിലകളുള്ള അപ്പാർട്ട്മെന്റിന്റെ, റോഡിലേക്കു തുറക്കുന്ന ഫ്ലാറ്റുകളിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ കാര്യമായ തെളിവുകളൊന്നും ലഭ്യമായില്ല. ഇതിനിടെ, രാവിലെ അപ്പാര്‍ട്ട്മെന്റിൽനിന്ന് ഇറങ്ങിപ്പോയ വാഹനത്തെപ്പറ്റിയും അന്വേഷണം തുടങ്ങി. എംഎൽഎമാരായ ടി.ജെ.വിനോദ്, ഉമ തോമസ് തുടങ്ങിയവരും ഇതിനിടെ സ്ഥലത്തെത്തി. ഡിസിപി കെ.സുദർശന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പൊലീസും ഫൊറൻസിക് ടീമും ഇൻക്വസ്റ്റ് നടപടികൾ തുടരവേ. സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദറും സ്ഥലത്തെത്തി. വൈകാതെ ഒരു ഫ്ലാറ്റിലെ കുളിമുറിയിൽ രക്തത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി വിവരം ലഭിച്ചു.

പൊലീസ് കേസിൽ പ്രതിയെ കണ്ടെത്തിയെന്ന് ഇതോടെ വ്യക്തമായി. ഇതിനിടെ, യുവതിയുടെ ആരോഗ്യ നിലയിൽ ഉമ തോമസ് ആശങ്ക പ്രകടിപ്പിക്കുകയും വൈദ്യശുശ്രൂഷ നൽകുന്ന കാര്യം പൊലീസുമായി സംസാരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12.50ന് കമ്മിഷണർ പുറത്തു വന്ന്, റോഡിൽ കുഞ്ഞ് വന്നു വീണ സ്ഥലം പരിശോധിച്ചു. ശേഷം മാധ്യമങ്ങളോട് കേസിനെക്കുറിച്ച് വ്യക്തമാക്കി. 23 വയസ്സുള്ള യുവതി പ്രസവിച്ച കുട്ടിയാണ് എന്നും പരിഭ്രാന്തിയും പേടിയും നടുക്കവും വിട്ടുമാറാത്ത അവർ തന്നെ കുഞ്ഞിനെ താഴേക്ക് എറിഞ്ഞെന്നു സമ്മതിച്ചെന്നും കമ്മിഷണർ പറഞ്ഞു. രാവിലെ അഞ്ചു മണിയോടെയാണ് പ്രസവിച്ചത്. മൂന്നു മണിക്കൂറോളം കഴിഞ്ഞാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്.

ഒപ്പം, ഈ കേസിലെ നിർണായകമായ ഒരു വിവരം കൂടി അദ്ദേഹം പങ്കുവച്ചു. യുവതി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനമെന്നും അതിനാൽ അതിജീവിതയെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിടരുത് എന്നും ഈ കേസിൽ അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയുടെ മാതാപിതാക്കൾക്ക് മകളുടെ അവസ്ഥയെക്കുറിച്ച് അറിവില്ലായിരുന്നു എന്നും കമ്മിഷണർ പറഞ്ഞു. കുട്ടി ചാപിള്ളയായാണോ ജനിച്ചത്, അതോ കൊലപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തി.

ആമസോൺ കുറിയറിന്റെ ഒരു പായ്ക്കറ്റില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ഈ പായ്ക്കറ്റ് രക്തത്തിൽ‍ മുങ്ങിയ അവസ്ഥയിലായിരുന്നു എങ്കിലും ഇതിലെ ബാർ കോ‍ഡ് സ്കാൻ ചെയ്തെടുക്കാൻ പൊലീസിന് സാധിച്ചതാണ് കേസിൽ വേഗം തുമ്പുണ്ടാക്കാൻ കഴിഞ്ഞത്. ഇതോടെ വീട്ടു വിലാസം കിട്ടിയ പൊലീസ് അവിടെ എത്തി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ അതിജീവിത കുറ്റം സമ്മതിക്കുകയായിരുന്നു. ഒരുമിച്ചിരുത്തിയുള്ള സംസാരത്തിലാണ് മാതാപിതാക്കളും ഇക്കാര്യം അറിഞ്ഞത് എന്ന് പൊലീസ് പറയുന്നു. അങ്ങേയറ്റം പരിഭ്രാന്തിയിലും പേടിയിലുമാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞത് എന്നും പൊലീസ് പറയുന്നു.

യുവതി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട് എന്നറിഞ്ഞപ്പോൾത്തന്നെ ഈ ദിശയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ഇയാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇയാളെ നിരീക്ഷിച്ച് വരികയാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സാധാരണ പ്രഭാതത്തിൽ തുടങ്ങിയ അസാധാരണ സംഭവങ്ങൾക്ക് അഞ്ചു മണിക്കൂറിനു ശേഷം ഞെട്ടിക്കുന്ന പരിസമാപ്തി.

English Summary:

Kochi Infant Death: Police got information about man who raped lady

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com