റായ്ബറേലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് രാഹുൽ; ആവേശത്തോടെ പ്രവർത്തകർ
Mail This Article
ലക്നൗ∙ രാഹുൽ ഗാന്ധി റായ്ബറേലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, റോബർട്ട് വാധ്‌ര എന്നിവർക്കൊപ്പം എത്തിയാണ് രാഹുൽ പത്രിക നൽകിയത്. മണ്ഡലത്തിൽ വൈകാതെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ആരംഭിക്കും. ഇന്നു രാവിലെയാണ് റായ്ബറേയിൽ സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ രാഹുൽ ഗാന്ധി ഉത്തർപ്രദേശിലേക്ക് എത്തുകയായിരുന്നു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പമാണു രാഹുൽ ഉത്തർപ്രദേശിൽ വിമാനമിറങ്ങിയത്.
2004 മുതൽ തുടർച്ചയായി 3 തവണ ജയിച്ച അമേഠിയിൽ തന്നെ രാഹുൽ തുടരണമെന്ന വാദം കോൺഗ്രസിൽ ഉയർന്നിരുന്നു. ഇന്നലെ രാത്രി വൈകിയും തീരുമാനമാകാതെ വന്നതോടെ രണ്ടിടത്തും രാഹുലിന്റെ കൂറ്റൻ ബോർഡുകൾ ഉയർത്തിയിരുന്നു.
പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് അമേഠിയിൽ വഴിയൊരുങ്ങിയത്. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും രാഹുലിന്റെയും പ്രതിനിധിയായി ചുമതലകൾ ഏകോപിപ്പിച്ചിരുന്നത് ശർമയാണ്. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.