മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന് കെഎസ്ഇബി; ആദ്യഘട്ടം മലബാർ മേഖലയിൽ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണമെന്ന നിർദ്ദേശം മുന്നോട്ട് വച്ച് കെഎസ്ഇബി. അധികം ഉപഭോഗമുള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്. അതുപോലെ പീക്ക് ടൈമിൽ 100– 150 മെഗാവാട്ട് ഉപയോഗം കുറയ്ക്കുന്നതിനു വ്യാപാരി വ്യവസായികളോടും വ്യവസായ സ്ഥാപനങ്ങളോടും രാത്രിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അഭ്യർഥിക്കാനാണ് കെഎസ്ഇബി തീരുമാനം.
ഒരു ദിവസം 150 മെഗാ വോട്ട് എങ്കിലും കുറയ്ക്കണമെന്ന് കെഎസ്ഇബി മുന്നോട്ട് വച്ച നിർദേശങ്ങളിൽ പറയുന്നു. എങ്ങനെ എപ്പോൾ നിയന്ത്രണം കൊണ്ടുവരണം എന്നതിൽ കെഎസ്ഇബി സർക്കുലർ ഇറക്കും. മലബാർ മേഖലയിലായിരിക്കും ആദ്യഘട്ടത്തിൽ നിയന്ത്രണം വരിക. വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച ചെയ്തു അന്തിമ തീരുമാനമെടുക്കും.
വൈദ്യുതി ലഭ്യമാണെങ്കിലും വിതരണം ചെയ്യുന്ന ലൈനുകളുടെ ശേഷിക്ക് അപ്പുറത്തേക്കു ലോഡ് ഉയരുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതു പരിഹരിക്കാൻ, അമിത ലോഡ് ഉണ്ടാകുന്ന മേഖലകളിൽ പ്രശ്നമുണ്ടാകുമ്പോൾ മാത്രം വിതരണം നിർത്തിവയ്ക്കുകയാണ് ഒരു മാർഗം. സബ്സ്റ്റേഷനുകളിൽനിന്നുള്ള ലൈനുകൾ ഓഫ് ചെയ്ത് ഇതു നടപ്പാക്കാം. ഇത്തരം പ്രദേശങ്ങൾ ഏറെയുള്ളത് ആലപ്പുഴ, കൊല്ലം, ഇടുക്കി, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്.