ADVERTISEMENT

ഒഡിഷ∙ പുരി ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുചാരിത മൊഹന്തി ലോക്‌സഭാ തിരഞ്ഞെടുപ്പിൽനിന്നു പിന്മാറി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു പിൻമാറ്റം. പൊതുജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചിട്ടും, ചെലവുചുരുക്കൽ ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തിയിട്ടും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടേണ്ടി വരികയാണെന്നും പ്രചാരണം നടത്താൻ സാധിക്കുന്നില്ലെന്നും സുചാരിത അറിയിച്ചു. 

‌2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജു ജനതാദളിന്റെ (ബിജെഡി) പിനാകി മിശ്രയോട് ഇവർ പരാജയപ്പെട്ടിരുന്നു. ‘‘പാർട്ടി എനിക്കു ഫണ്ട് നിഷേധിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ദുർബലരായ സ്ഥാനാർഥികൾക്കാണു ടിക്കറ്റ് കൊടുത്തിരിക്കുന്നത്. ബിജെപിയും ബിജെഡിയും പണക്കൊഴുപ്പിന്റെ പ്രദർശനം നടത്തുകയാണ്. ഞാൻ അപ്രകാരം മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല’’ മൊഹന്തി പറയുന്നു.

ആളുകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചാരണമാണു താൻ ആഗ്രഹിക്കുന്നത്. എന്നാൽ ഫണ്ടില്ലായ്മ മൂലം അതിനുപോലും സാധിക്കുന്നില്ല. ഇക്കാര്യത്തിൽ പാർട്ടിയും ഉത്തരവാദിയല്ല. ബിജെപി സർക്കാർ പാർട്ടിയെ മുട്ടുകുത്തിച്ചിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. 

മേയ് മൂന്നിന് കെ.സി. വേണുഗോപാലിനു നൽകിയ കത്തിൽ, ഫണ്ട് അനുവദിക്കാത്തതുകൊണ്ടു പ്രചാരണം ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർട്ടി ഫണ്ട് ലഭിക്കാതെ പ്രചാരണം തുടരാനാകില്ലെന്നും അതുകൊണ്ടു താൻ മത്സരരംഗത്തുനിന്നു പിൻവാങ്ങുകയാണെന്നും അവർ കത്തിൽ വ്യക്തമാക്കുന്നുണ്ട്. 

മേയ് 13, 20, 25 ജൂൺ ഒന്ന് തീയതികളിലാണ് ഒഡിഷയിൽ വോട്ടെടുപ്പ്. 

English Summary:

Sucharita Mohanty, the Congress' candidate for the Puri Lok Sabha seat in Odisha, has returned her ticket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com