ADVERTISEMENT

കൊച്ചി ∙ ‘മ‍ഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ചിത്രത്തിന്റെ നിർമാതാക്കളായ സൗബിന്‍ ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവ്. കേസ് അന്ന് വീണ്ടും പരിഗണിക്കും. 

നേരത്തെ ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിർമാതാക്കൾക്കെതിരെ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് എറണാകുളം മരട് പൊലീസ് ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഈ കേസിൽ സൗബിനും ഷോണും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നിർദേശം.

ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദാണ് പരാതിക്കാരൻ. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഏഴു കോടി രൂപ ചിത്രത്തിനായി താൻ മുതൽ മുടക്കിയെന്നും 2022 നവംബർ 30ന് ഒപ്പുവച്ച കരാർ അനുസരിച്ച് ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്ക് നൽകണമെന്നുമാണ് സിറാജ് പറയുന്നത്. പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ഇത് പാലിച്ചില്ലെന്നും സിറാജ് പറയുന്നു.

എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സിറാജ് വലിയ തുക ആവശ്യപ്പെടുകയായിരുന്നു എന്ന് സൗബിനും ഷോണും പറയുന്നു. നടീനടന്മാർക്കും സാങ്കേതികവിദഗ്ധർക്കുമൊക്കെ പണം നൽകാനുണ്ട്. ചിത്രത്തിന്റെ വരവു ചിലവുകൾ കണക്കാക്കിയതിനു ശേഷം കരാർ അനുസരിച്ചുള്ള ലാഭവിഹിതം നൽകാമെന്ന് തങ്ങള്‍ അറിയിച്ചതാണ്. എന്ന് സിറാജ് ഇത് അംഗീകരിക്കാൻ തയാറായില്ലെന്നും കൊമേഴ്സ്യൽ കോടതിയെ സമീപിച്ചെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. 

സിനിമയുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ടായിരുന്നു കൊമേഴ്സ്യൽ കോടതിയെ സമീപിച്ചത്. ഇതിനു പുറമെയാണ് കോടതിയെ സമീപിച്ച് ക്രിമിനൽ ഹർജി നൽകുന്നത്. സിവിൽ തർക്കമാണ് ഇരു കൂട്ടരും തമ്മിലുള്ളത് എന്നത് ആദ്യ പരാതി നൽകിയതിൽ നിന്നു തന്നെ വ്യക്തമാണ്. തങ്ങൾക്കെതിരെയുള്ള കേസ് നല്ല ഉദ്ദേശ ശുദ്ധിയോടെയുള്ളതല്ലെന്നും ഗൂഢമായ ഉദ്ദേശ്യങ്ങൾ ഇതിനു പിന്നിലുണ്ടെന്നും തങ്ങള്‍ക്കു മേൽ സമ്മർദ്ദം ചെലുത്തി നേട്ടമുണ്ടാക്കാൻ നോക്കുന്നതിന്റെ ഭാഗമാണ് ഈ കേസെന്നും സൗബിനും ഷോണും ഹർജിയിൽ പറയുന്നു. തുടർന്നാണ് ഇതിനു മറപടി നൽകാൻ സിറാജിന് സമയം അനുവദിച്ചും 22 വരെ സൗബിനെയും ഷോണിനെയും അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് പി.ജി.അജിത് കുമാർ നിര്‍ദേശിച്ചത്.  

English Summary:

High Court Halts Arrest of 'Manjummal Boys' Producers Soubin Shahir and Shone Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com