‘പൊലീസിനു കൊടുത്ത മൊഴി ഭാര്യയോട് പോലും പറഞ്ഞിട്ടില്ല’; പുറത്തു വരുന്ന വാർത്തകൾ തെറ്റെന്ന് കണ്ടക്ടർ സുബിൻ
Mail This Article
കോട്ടയം∙ കെഎസ്ആർടിസി ഡ്രൈവർ യദുവും മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ വാക്കുതർക്കത്തിൽ താൻ നൽകിയ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ബസിലെ കണ്ടക്ടർ സുബിൻ. തന്റെ മൊഴി എന്താണെന്ന് ഭാര്യയോട് പോലും പറഞ്ഞിട്ടില്ലെന്നും സുബിൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. സംഭവം നടന്ന ശേഷം ഇതാദ്യമായാണ് സുബിൻ ഒരു മാധ്യമത്തോട് സംസാരിക്കുന്നത്. പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്നും എ.എ.റഹീം എംപിയുമായി താൻ സംസാരിച്ചത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നും സുബിൻ പറഞ്ഞു.
ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനു നേരെ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്ക് അറിയില്ലെന്ന് ബസിലെ കണ്ടക്ടറായിരുന്ന സുബിൻ മൊഴി നൽകിയെന്നാണ് മാധ്യമങ്ങളിൽ വന്ന വാർത്ത. പിൻ സീറ്റിൽ ആയതിനാൽ താന്‍ ഒന്നും കണ്ടിട്ടില്ല. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തോയെന്ന് അറിയില്ല. ബസ് സാഫല്യം കോംപ്ലാക്സിനു മുന്നിൽ വച്ച് തടഞ്ഞപ്പോൾ മാത്രമാണ് താൻ സംഭവം അറിയുന്നതെന്നാണ് സുബിൻ മൊഴി നൽകിയെന്നാണ് പ്രചരിക്കുന്ന വാർത്ത.
∙ പൊലീസിനു കൊടുത്ത മൊഴിയിൽ സുബിൻ ഉറച്ചുനിൽക്കുകയാണോ?
ഞാൻ പൊലീസിനു കൊടുത്ത മൊഴിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകളെല്ലാം തെറ്റാണ്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുളളിൽ കെഎസ്ആർടിസിക്ക് എന്റെ മൊഴി ഞാൻ എഴുതി നൽകിയിട്ടുണ്ട്. പിറ്റേദിവസം കന്റോൺമെന്റ് സ്റ്റേഷനിലെത്തി മൊഴി നൽകി. തലേദിവസം എഴുതിക്കൊടുത്ത മൊഴി തന്നെയാണ് അവിടെയും പറഞ്ഞത്. ഒരു കാര്യം പോലും അധികമായി പറഞ്ഞിട്ടില്ല.
∙ അങ്ങനെയെങ്കിൽ സുബിൻ നൽകിയ ശരിക്കുമുള്ള മൊഴിയെന്താണ്?
ഞാൻ കണ്ട കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. സത്യമാണ് പറഞ്ഞതെല്ലാം. എനിക്കും കുടുംബത്തിനും മനസമാധാനത്തോടെ ജീവിക്കണമെന്നുണ്ട്. ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല. കേസ് കോടതിയിൽ വരുമ്പോൾ മൊഴി കോടതിയിൽ നിന്നും നിങ്ങൾക്ക് വാങ്ങാമല്ലോ.
∙ സുബിൻ ഒളിവിലാണെന്നു വരെ വാർത്തകൾ പ്രചരിച്ചിരുന്നു...
കഴിഞ്ഞ മാസം 27നാണ് സംഭവം നടക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും വിവാദങ്ങൾ വലുതായി. ഞാൻ ഈ കേസിലെ പ്രതിയോ വാദിയോ അല്ല. സാക്ഷി മാത്രമാണ്. ആ ഞാൻ എന്തിനാണ് ഒളിവിൽ പോകേണ്ടത്? എനിക്ക് മാധ്യമങ്ങൾക്കു മുന്നിൽ വന്നുള്ള പബ്ലിസിറ്റിയിൽ താൽപര്യമില്ല. സംഭവം നടന്ന പിറ്റേദിവസും ഞാൻ ഡ്യൂട്ടിയിൽ കയറി. ഇന്നും ഡ്യൂട്ടിയുണ്ട്. ഞാനൊരു പൊതുമേഖലാ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. അപ്പോൾ ആ സ്ഥാപനത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നും വേണം പ്രവർത്തിക്കേണ്ടത്. അതിനുള്ളിൽ നിന്നു മാത്രമേ എനിക്ക് പ്രതികരിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് മാധ്യമങ്ങൾക്കു മുന്നിൽ വരാത്തത്. എന്തെങ്കിലും നാക്കുപിഴ സംഭവിച്ചാൽ ഉത്തരം പറയേണ്ടി വരും. ഞാൻ കാരണം കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാകാൻ പാടില്ല.
∙ മെമ്മറി കാർഡ് ബസിൽ നിന്നും പോയതിൽ ആരെയാണ് സംശയം?
എല്ലാ മലയാളികളെയും പോലെ അതാരാണെന്ന് അറിയാൻ ഞാനും കാത്തിരിക്കുകയാണ്. ഫൊറൻസിക് ഫലമൊക്കെ പുറത്തുവരട്ടെ.
∙സംഭവം നടന്നതിനു പിന്നാലെ സുബിൻ എ.എ.റഹീം എംപിയെ ബന്ധപ്പെട്ടത് എന്തിനാണ്?
എനിക്ക് അറിയാവുന്ന ജനപ്രതിനിധിയാണ് അദ്ദേഹം. സ്വാഭാവികമായും സംഭവം നടന്നയുടൻ ഞാൻ അദ്ദേഹത്തെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അത് അദ്ദേഹവും സമ്മതിച്ചിട്ടുണ്ട്. വിവാദത്തിന്റെ ആവശ്യമില്ല.
∙ സത്യം പുറത്തുവരുമെന്ന് വിശ്വാസമുണ്ടോ?
സുതാര്യമായ അന്വേഷണം നടക്കട്ടെ. നീതിയുടെ ഭാഗം വിജയിക്കും.
∙ യദുവുമായി അന്നത്തെ ദിവസം ആദ്യമായാണോ ഡ്യൂട്ടി ചെയ്യുന്നത്?
മൂന്നു ദിവസം യദുവുമായി ഡ്യൂട്ടി ചെയ്തിട്ടുണ്ട്. പേരും സ്ഥലവും പറഞ്ഞിരുന്നു. വ്യക്തിപരമായി കൂടുതൽ അറിയില്ല.
∙ യദു കുഴപ്പക്കാരനാണോ?
ഞാൻ ഈ ചോദ്യത്തോട് പ്രതികരിക്കുന്നത് ശരിയല്ല.
∙ സുബിൻ നൽകിയ മൊഴിയല്ല പുറത്തുവന്നതെങ്കിൽ ഇതിനു പിന്നിൽ ആരാണ്?
ഞാൻ മൊഴി കൊടുത്ത മുറിയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണുണ്ടായിരുന്നത്. വളരെ രഹസ്യമായ മൊഴിയാണത്. ഞാൻ എന്താണ് മൊഴി കൊടുത്തതെന്ന് ഭാര്യയോട് പോലും പറഞ്ഞിട്ടില്ല. മൊഴി പകർപ്പ് ആർക്കും നൽകരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.