ADVERTISEMENT

തിരുവനന്തപുരം ∙ ‘യുവജനങ്ങൾ വളർന്നു വരുന്നതിൽ അസ്വസ്ഥരാകുന്നവരാണ് എന്നെ ആക്രമിക്കുന്നത്’- മേയർ ആര്യ രാജേന്ദ്രൻ പറയുന്നു. കെഎസ്ആർ‌ടിസി ബസിലെ ഡ്രൈവറുമായുണ്ടായ വാക്കുതർക്കവും തുടർസംഭവങ്ങളും രാഷ്ട്രീയ പ്രവർ‌ത്തനത്തിന്റെ ഭാഗമായി താൻ അതിജീവിക്കും. എന്നാൽ സഹോദരന്റെ ഭാര്യയെ കൂടി ബാധിച്ച കാര്യമായതിനാലാണ് പ്രയാസം. മോശമായൊരു ഇടപെടൽ ഉണ്ടായപ്പോൾ അപ്പോൾ തന്നെ പ്രതികരിക്കാനാണ് ശ്രമിച്ചത്. ഭാവി നോക്കിയല്ല പ്രതികരിച്ചതെന്നും ആര്യ പറയുന്നു. മേയർ–ഡ്രൈവർ തർക്കം കേരളം ഇന്നു ചർച്ച ചെയ്യുകയാണ്. നാൽക്കവലകളിലും സൈബർ ലോകത്തും വിവാദം കൊഴുക്കുന്നു. ഈ വേളയിൽ ആര്യയ്ക്ക് എന്താണ് പറയാനുള്ളത്? മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ ആര്യ സംസാരിക്കുന്നു.

∙ മേയർ പദവി മുൾക്കിരീടമാണോ? വേട്ടയാടപ്പെടുന്നു എന്നൊരു തോന്നലുണ്ടോ?

എംഎൽഎമാരായിട്ടും മേയറായിട്ടുമൊക്കെ യുവജനങ്ങളെ കൂടുതൽ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുകയും അതു നടപ്പിലാക്കുകയും ചെയ്ത മുന്നണിയാണ് എൽഡിഎഫ്. തിരുവനന്തപുരം നഗരസഭയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്ത് ഇവിടെ ബിജെപിയുടെ മേയർ ഉണ്ടാകുമെന്നും പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ വരുമ്പോൾ ‍‍ഞങ്ങളുടെ മേയർ സ്വീകരിക്കുമെന്നുമായിരുന്നു ബിജെപി നേതാക്കൾ മനക്കോട്ട കെട്ടിയത്. എന്നാൽ കഴിഞ്ഞ കൗൺസിലിനേക്കാൾ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഭരണസമിതി വന്നത്. ഇതോടെ തുടർച്ചയായ ആക്ഷേപങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. ശരിയായ കാര്യങ്ങൾക്കും പഴി കേൾക്കേണ്ടി വന്നു. ജീവനക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും ഞങ്ങളെ കുറ്റക്കാരാക്കി. തെറ്റു ചെയ്തവർക്കെതിരെ ഏറ്റവും കൂടുതൽ നടപടിയെടുത്തത് ഈ ഭരണസമിതിയാണ്. ഇതിലൊക്കെ അസ്വസ്ഥരാകുന്നതു ബിജെപി മാത്രമല്ല. ബിജെപിയെ കോൺഗ്രസ് പിന്തുണയ്ക്കുന്ന സമീപനമാണ് ഇവിടെയൊക്കെ കണ്ടത്. യുവജനങ്ങൾ വളർന്നുവരുന്നതിൽ അസ്വസ്ഥരാകുന്നവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. 

ഡ്രൈവർ യദുവും ആര്യയും തമ്മിൽ സാഫല്യം കോംപ്ലക്സിനു മുന്നിൽ നടന്ന വാക്കുതർക്കം
മേയറുടെ നേതൃത്വത്തിൽ ബസ് തടയുന്നതിന്റെ വിഡിയോ ദൃശ്യം.

∙ ആര്യയുടെ സംസാരഭാഷ പലപ്പോഴും വിമർശനവിധേയമാകാറുണ്ട്. ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഭാഷയെന്നാണ് പറയപ്പെടുന്നത്?

എനിക്ക് അതിൽ വലിയ ആശ്ചര്യമില്ല. എല്ലാവരുടെയും സംസാരരീതി ഒരുപോലെ ആയിരിക്കില്ല. എന്നെ മേയർ ആയി തിരഞ്ഞെടുത്ത സമയത്ത് ഒരുപാട് നല്ല വാക്കുകൾ കേൾക്കുന്നതിനിടെ, ഇതൊരു പിൻസീറ്റ് ഡ്രൈവിങ്ങായിരിക്കുമെന്ന് ചിലർ പറഞ്ഞിരുന്നു. സ്ത്രീ എവിടെയാണോ സംസാരിക്കാതെ ഇരിക്കുന്നത് അപ്പോഴെല്ലാം അത് പിൻസീറ്റ് ഡ്രൈവിങ്ങും എവിടെയാണോ സ്ത്രീയുടെ ശബ്ദം ഉയരുന്നത് ആ ഇടങ്ങളിലെല്ലാം അവൾ ധിക്കാരിയുമാകും. ഒരേ ആളുകൾ തന്നെയാണ് ഇതു രണ്ടും പറയുന്നത്. കൗൺസിലിൽത്തന്നെ ഇത്തരം അനുഭവങ്ങളുണ്ട്. അതിശക്തമായ ശബ്ദമുയർത്തി സംസാരിക്കണമെന്നു കരുതുന്ന ഒരാളാണ് ഞാൻ. ധിക്കാരിയാണെന്നു പറഞ്ഞാൽ പ്രയാസപ്പെടുന്ന മനസ്സല്ല എന്റേത്.

∙ ഒന്നിനുപിന്നാലെ ഒന്നായി ആരോപണങ്ങൾ വരുമ്പോൾ എപ്പോഴെങ്കിലും തളർന്നുപോയിട്ടുണ്ടോ?

അങ്ങനെ തളർന്നുപോയിട്ടൊന്നുമില്ല. ഒരു വിഷയം വരുമ്പോൾ അതിനെ എങ്ങനെ നേരിടണമെന്ന നിലപാട് നമുക്കുണ്ടാകണം. അത് ശരിയുടെ നിലപാടായാൽ എന്ത് വിഷയം വന്നാലും അതിൽ ഉറച്ചുനിൽക്കണം. ആ നിലപാടിനോട് താൽപര്യമില്ലാത്തവർ വിമർശനം ഉന്നയിക്കും.

കെഎസ്ആർടിസി ഡ്രൈവർ യദു (Videograb)
കെഎസ്ആർടിസി ഡ്രൈവർ യദു (Videograb)

∙ മേയർ പദവിയിൽ ഏറ്റവും വിഷമം തോന്നിയ സംഭവമെന്താണ്?

വിഷമം തോന്നേണ്ട അനുഭവമൊന്നും ഇല്ല. ഔദ്യോഗിക ചുമതലയാണ് നിർവഹിക്കുന്നത്. ഇതൊന്നും വ്യക്തിപരമായി എടുക്കരുത്. നമ്മൾ സത്യസന്ധമായാണ് കാര്യങ്ങളിൽ ഇടപെടുന്നത്. ഇതൊരു രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമാണ്. എല്ലാത്തിനെയും ശക്തമായി നേരിടും.

∙ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ വാക്കുതർക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺ‌സിൽ യോഗത്തിൽ സംസാരിച്ചപ്പോൾ വിതുമ്പലിന്റെ വക്കിലെത്തിയിരുന്നു?

അത് നഗരസഭയുടെ വിഷയമല്ല. വ്യക്തിപരം കൂടിയാണ്. എന്നെ മാത്രം ബാധിച്ച കാര്യമല്ലത്. എന്റെ സഹോദരന്റെ ഭാര്യയെ കൂടി ബാധിച്ചതാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഞാൻ ഇതിനെ അതിജീവിക്കും. പക്ഷേ സഹോദരന്റെ ഭാര്യയെ സംബന്ധിച്ച് ഇതൊരു മാനസിക പ്രശ്നം തന്നെയാണ്. എന്റെ കുടുംബത്തിന്റെ ഭാഗമായ മറ്റൊരാളെ ഈ വിഷയം ബാധിച്ചുവെന്ന് കാണുമ്പോഴാണ് എനിക്ക് വിഷമമുണ്ടാകുന്നത്. മാധ്യമങ്ങളുടെ വേട്ടയാടലിൽ വരെ പ്രയാസമുണ്ടാകാനുള്ള കാരണം അത് മറ്റൊരു സ്ത്രീയെ കൂടി ബാധിച്ചു എന്നതുകൊണ്ടാണ്.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സഞ്ചരിച്ച കാർ തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനു കുറുകെ സീബ്ര ലൈനിൽ ഇട്ടതിന്റെ സിസിടിവി ദൃശ്യം.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സഞ്ചരിച്ച കാർ തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനു കുറുകെ സീബ്ര ലൈനിൽ ഇട്ടതിന്റെ സിസിടിവി ദൃശ്യം.

∙ ആര്യ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് പാർട്ടി എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഇടതുപക്ഷത്തിനു നിരക്കാത്ത എന്തെങ്കിലും നിലപാട് ഞാൻ സ്വീകരിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാരണം ചെറിയ പ്രായം മുതൽ എന്റെ രാഷ്ട്രീയം ഇടതുപക്ഷവുമായി ചേർന്നാണ്. പ്രതികരിക്കാൻ പഠിപ്പിച്ചതു പോലും പാർട്ടിയാണ്. പാർട്ടിയെ കൊണ്ട് അങ്ങനെ പറയേണ്ട സാഹചര്യം ഞാൻ ഉണ്ടാക്കിയിട്ടില്ല.

∙ പാർട്ടിയിൽനിന്നു പൂർണ പിന്തുണയുണ്ടോ?

പ്രതികരിക്കണമെന്ന് ഗോവിന്ദൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

∙ ബസിലൊക്കെ ‘മേയറുണ്ട്, സൂക്ഷിക്കുക’ എന്ന പോസ്റ്ററുകൾ പ്രതിപക്ഷ സംഘടനകൾ ഒട്ടിക്കുന്നുണ്ട്. മാത്രമല്ല, ധാരാളം സൈബർ ആക്രമണവും നേരിടേണ്ടി വരുന്നു. ഈ പ്രതിഷേധങ്ങളെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യും?

എല്ലാം നിയമപരമായി നേരിടും. പ്രതിഷേധിക്കുന്നവർ അവരുടെ സംസ്കാരത്തിനു ചേർന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ‌ ഉപയോഗിക്കുന്നത്.

ആര്യ രാജേന്ദ്രൻ (ഇടത്), സച്ചിൻ ദേവ് (വലത്). (ഫയൽ ചിത്രങ്ങൾ ∙ മനോരമ)
ആര്യ രാജേന്ദ്രൻ (ഇടത്), സച്ചിൻ ദേവ് (വലത്). (ഫയൽ ചിത്രങ്ങൾ ∙ മനോരമ)

∙ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ, മേയർ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന ആരോപണമുയർന്നല്ലോ?

‌കാണിക്കേണ്ടത് മാത്രം കാണിച്ചാണ് സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ട്രാഫിക്ക് നിയമം ലംഘിച്ചെങ്കിൽ ഫൈൻ അടയ്ക്കാൻ തയാറാണ്. എന്നാൽ ആ ഡ്രൈവർ മോശമായി പെരുമാറിയതിനെപ്പറ്റി ആരും ചർച്ച ചെയ്യുന്നില്ല.

∙ ഈ വാക്കുതർക്കം ഇത്രയും വലിയ വിഷയമാകുമെന്ന് കരുതിയിരുന്നോ?

മോശമായൊരു ഇടപെടൽ ഉണ്ടായപ്പോൾ അപ്പോൾത്തന്നെ പ്രതികരിക്കാനാണ് ശ്രമിച്ചത്. ഭാവി നോക്കിയല്ല പ്രതികരിച്ചത്.

∙ ബസിലെ മെമ്മറി കാർഡ് കാണാനില്ല. അതും ഇനി ആര്യയുടെ തലയിലാകുമോ?

പല ആരോപണങ്ങളുമുണ്ടാകുമല്ലോ. ആരോപണങ്ങൾ ഉന്നയിക്കുക എല്ലാവർക്കും എളുപ്പമുള്ള കാര്യമാണ്. മറ്റാരേക്കാളും ഈ വിഷയത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നത് എന്റെ ആവശ്യമാണ്. സൈബർ ആക്രമണം അടക്കം തടയാൻ സത്യാവസ്ഥ പുറത്തുവരണം. പൊലീസ് നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

∙ ആര്യയുടെ ഭർത്താവായ സച്ചിൻദേവ് എംഎൽഎ ഈ ബസിനകത്ത് പല അതിക്രമങ്ങളും കാട്ടിയിട്ടുണ്ടെന്നും ദൃശ്യങ്ങൾ ലഭിച്ചാൽ‌ അതെല്ലാം പുറത്താകുമെന്നുമാണു ഡ്രൈവർ യദു പറയുന്നത്?

കണ്ടക്ടറോടോ മറ്റ് യാത്രക്കാരോടോ ചോദിക്കാമല്ലോ. സിസിടിവി മാത്രമല്ലല്ലോ തെളിവ്. അതിക്രമം കാണിക്കേണ്ട ആവശ്യമൊന്നുമില്ല. ആളുകളെ ഇറക്കിവിട്ടിട്ടുമില്ല. ഒരു ജനപ്രതിനിധിയെ സംബന്ധിച്ച് പൊതുജനമെന്നാൽ പ്രധാനപ്പെട്ടതാണ്. മറ്റു വിശ്വാസങ്ങൾ ഇല്ലെങ്കിൽ പോലും ഞങ്ങളുടെ ദൈവമെന്നു പറഞ്ഞാൽ ജനങ്ങളാണ്. 

∙ ഒരു കോളജ് പെൺകുട്ടി മേയറായി. രാഷ്ട്രീയപരമായും വ്യക്തിപരമായും പല ആരോപണങ്ങൾ‌ നേരിട്ടു. എംഎൽഎയെ പ്രണയിച്ചു, ഭാര്യയായി, അമ്മയായി. ശരിക്കും ജീവിതം മാറിമറിഞ്ഞ വർഷങ്ങളാണോ കടന്നുപോകുന്നത്?

ജീവിതം എപ്പോഴും ഒരുപോലെ ഇരിക്കില്ലല്ലോ. ഓരോ ദിവസവും ഓരോ നിമിഷവും ഓരോ മാറ്റങ്ങൾ എല്ലാ മനുഷ്യരിലുമുണ്ടാകും. ഒരു കുടുംബമായി, കുഞ്ഞായി. ഒരു പെൺ‌കുട്ടിയാണ്. പ്രതികരിക്കാൻ ശേഷിയുള്ള ഒരു കുട്ടിയായി അവളെ വളർത്തുകയെന്നതാണു ഞങ്ങളുടെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം ശരിയായി നിറവേറ്റും എന്ന പ്രതീക്ഷയാണുള്ളത്. എനിക്കു മാത്രമല്ല, എന്റെ ജീവിത പങ്കാളിക്കും ആ പ്രതീക്ഷയുണ്ടെന്നാണു കരുതുന്നത്.

കുഞ്ഞുമായി ആര്യ രാജേന്ദ്രൻ, Image Credits: facebook
കുഞ്ഞുമായി ആര്യ രാജേന്ദ്രൻ, Image Credits: facebook
English Summary:

Exclusive: Thiruvananthapuram Mayor Arya Rajendran Breaks Silence on Mayor-Driver Dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com