ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയാറായി കുഞ്ഞിന്റെ പിതാവ്
Mail This Article
കൊച്ചി∙ നഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാർ അറിഞ്ഞിരുന്നില്ല.
എന്നാൽ യുവതിയുടെ പ്രസവത്തെ തുടർന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിർത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാർ പൊലീസിനെ അറിയിച്ചു.
ഞായർ രാവിലെ ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്. ആറു പേരുള്ള മുറിയിലാണു പെൺകുട്ടി കഴിഞ്ഞിരുന്നതെങ്കിലും യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുള്ളവർ അറിഞ്ഞിരുന്നില്ല. മുൻപു പലപ്പോഴും ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു.
ഞായർ രാവിലെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കൾ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഒടുവിൽ, ഒപ്പമുണ്ടായിരുന്നവർ വാതിൽ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോൾ കയ്യിൽ നവജാതശിശുവിനെയും പിടിച്ചു നിൽക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.