ADVERTISEMENT

‘‘പൗരന്മാർക്ക് മികച്ച സേവനം കൊടുക്കുക എന്നതാണ് പൊലീസിന്റെ കർത്തവ്യം. അത് അവർക്കു മനസ്സിലായില്ലെങ്കിൽ സമൂഹം മനസ്സിലാക്കിക്കൊടുക്കും’’ – 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട്ടിൽ നേരിട്ട പീഡനത്തെ കുറിച്ച് എന്തുകൊണ്ടാണ് ഇപ്പോൾ പരാതി നൽകിയത് എന്നു ചോദിച്ചപ്പോൾ പരാതിക്കാരൻ വി.ഷിജു എബ്രഹാമിന്റെ മറുപടി ഇങ്ങനെ. എത്രകാലം കഴിഞ്ഞാലും ആരെങ്കിലും ഇത്തരം അനീതികൾ കുത്തിപ്പൊക്കുമെന്നു ഭയമുണ്ടായാൽ, ജനങ്ങൾക്കു നല്ല സേവനം ഉറപ്പാക്കാൻ പൊലീസുകാർ ശ്രമിക്കുമല്ലോ എന്നും ഷിജു കൂട്ടിച്ചേർക്കുന്നു.

2006 ൽ കേരളത്തിൽനിന്നു കൊടൈക്കനാൽ സന്ദർശിക്കാൻ പോയ ഒരു കൂട്ടം യുവാക്കൾക്കു നേരിടേണ്ടിവന്ന പ്രതിസന്ധിയും അതിനെ മറികടക്കാൻ അവർ നടത്തിയ ജീവന്മരണപ്പോരാട്ടവും പ്രമേയമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ തിയറ്ററുകളിൽ തരംഗമായിരുന്നു. യുവാക്കളിലൊരാൾ ഗുണ കേവ്സിലെ ഗർത്തത്തിൽ വീണപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് 120 അടി താഴ്ചയിൽ ഇറങ്ങി അവനെ കൈപിടിച്ചു കയറ്റുന്ന ഹൃദയസ്പർശിയായ സൗഹൃദകഥ അഭ്രപാളിയിൽ തകർത്തു മുന്നേറിയപ്പോൾ എല്ലാവരും യഥാർഥ മഞ്ഞുമ്മൽ ടീമിനെ തേടിയിറങ്ങി, അവരുടെ സൗഹൃദത്തെ വാനോളം പുകഴ്ത്തി.

എന്നാൽ തമിഴ്നാട്ടിലെ കോൺഗ്രസ് പ്രവർത്തകനും മലയാളിയുമായ ഷിജു അന്വേഷിച്ചത് അന്ന് ആ ചെറുപ്പക്കാർക്കു പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടിവന്ന ക്രൂരതയെക്കുറിച്ചാണ്. ‘അവർ അനുഭവിച്ചതിന്റെ പത്തു ശതമാനം പോലും സിനിമയിൽ കാണിച്ചിട്ടില്ലെന്ന്’ സംവിധായകനും കൂട്ടരും പറഞ്ഞപ്പോൾ, ആ അനീതിക്കെതിരെ പ്രതികരിക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് പരാതി നൽകിയതെന്ന് ഷിജു ‘മനോരമ ഓൺലൈനി’നോട് പറഞ്ഞു. ഷിജുവിന്റെ പരാതി  അന്വേഷിച്ച് നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവും നൽകി.

‘‘അവർക്ക് പരാതിയൊന്നുമില്ല. അവർ അന്നു തന്നെ വല്ലാതെ ഭയപ്പെട്ടിരുന്നു. മാത്രമല്ല ഇപ്പോൾ അവർ ശാന്തജീവിതം നയിക്കുകയുമാണ്. സിജു ഡേവിഡ് എന്നെ വിളിച്ചിരുന്നു. അവർക്ക് പരാതിയില്ലെന്ന് എന്നോട് നേരത്തേ പറഞ്ഞിരുന്നതാണ്. അവർക്കു വേണ്ടിയല്ല ഞാൻ പരാതി കൊടുത്തത്. ഞാൻ തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രവർത്തകനും മലയാളിയുമാണ്. ഇനിയൊരിക്കലും അത് മറ്റാർക്കും സംഭവിക്കാതിരിക്കാൻ വേണ്ടിയാണ്. ഒരു ആപത്തിൽപ്പെട്ടു കിടക്കുമ്പോൾ പൊലീസ് ഒരിക്കലും ഇങ്ങനെയല്ല പെരുമാറേണ്ടത്. രക്ഷിക്കണമെന്നു നിലവിളിച്ച് ചെല്ലുമ്പോൾ അതിനേക്കാൾ വലിയ പീഡനമല്ല അവർക്ക് നൽകേണ്ടത്. അവരോടു സൗഹൃദപരമായി പെരുമാറി സഹായം നൽകുകയാണ് വേണ്ടത്.

പൊലീസുകാർ ‘മഞ്ഞുമ്മൽ ടീമി’നോട് ക്ഷമ പറഞ്ഞുവെന്നാണ് അറിഞ്ഞത്. മുതിർന്ന ഉദ്യോഗസ്ഥരും ജനങ്ങളും സിനിമ കണ്ട് അവരുടെ പ്രവൃത്തി പുറത്തറിഞ്ഞതുകൊണ്ടാണ് അത്. തമിഴ്നാട്ടിലാണ് ഞാൻ സിനിമ കണ്ടത്. അവിടുത്തെ ആളുകൾ തന്നെ പൊലീസിന്റെ പ്രവൃത്തി കണ്ട് രൂക്ഷമായി പ്രതികരിച്ചിരുന്നു. 18 വർഷത്തിനു ശേഷം ആരെങ്കിലും ഇതൊക്കെ കുത്തിപ്പൊക്കുമെന്ന് ഭയമുണ്ടായാൽ ജനങ്ങൾക്കു നല്ല സേവനം ഉറപ്പാക്കാൻ പൊലീസുകാർ ശ്രമിക്കുമല്ലോ. ഇവരിൽ പലരും റിട്ടയർ ആയി. ചിലർ ഇപ്പോഴും സർവീസിലുണ്ട്. 

സിനിമ ഇറങ്ങിയതിനു പിന്നാലെ സംവിധായകൻ ചിദംബരത്തെയും സിജു ഡേവിഡ് ഉൾപ്പെടെയുള്ള യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’ അംഗങ്ങളെയും ബന്ധപ്പെട്ടിരുന്നു. അവർ അനുഭവിച്ചതിന്റെ പത്തു ശതമാനം പോലും സിനിമയിൽ കാണിച്ചിട്ടില്ലെന്ന് അന്നു തന്നെ പറഞ്ഞിരുന്നു. അവർക്ക് ആ സംഭവം സിനിമയാക്കുക എന്ന ഉദ്ദേശ്യം മാത്രമാണുണ്ടായിരുന്നത്. എന്നാൽ എന്റെ ലക്ഷ്യം അതല്ല. സിനിമ കണ്ടിറങ്ങി പൊടിയും തട്ടി പോകുകയല്ല, അത് സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. അതുകൊണ്ടാണ് പരാതി നൽകിയത്. അവർക്ക് പരാതിയുടെ പുറകേ പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഞാൻ പരാതി കൊടുക്കുന്നതിൽ അവർക്ക് യാതൊരു പ്രശ്നവുമില്ല.’’– ഷിജു പറഞ്ഞു. 

‘കാവൽ’ എന്ന ഏറെ അർഥവത്തായ പേരുള്ള തമിഴ്നാട് പൊലീസ് സേനയ്ക്ക് കളങ്കം ഉണ്ടാക്കുന്നതാണ് ഈ സംഭവം. ഇനിയൊരിക്കലും ഇത്തരത്തിൽ ആപത്തിൽ സഹായം അഭ്യർഥിക്കുന്നവരോട് മുൻവിധിയോടെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളനുസരിച്ചും പൊലീസ് പെരുമാറരുത് എന്നും, കാവൽ എന്ന പേര് അന്വർഥമാക്കുന്ന സമീപനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല താൻ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത്. മുൻപ് മലയാളികൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാന യാത്രക്കാരെ മധുര ഹൈവേയിൽ കൊള്ളയടിച്ച കൊള്ളക്കാരെ അടിച്ചമർത്തണമെന്ന കത്തിൽ ഇടപെട്ട്, അന്നത്തെ തമിഴ്നാട് ഡിജിപി ജെ.കെ.ത്രിപാഠി  കവർച്ചക്കാരെ ഉരുക്കുമുഷ്ടിയോടെ നേരിട്ട് ഒതുക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗവും തമിഴ്നാട് കോൺഗ്രസ് നേതാവുമാണ് നിലമ്പൂർ സ്വദേശി വി.ഷിജു ഏബ്രഹാം. കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. 

2006ൽ കേരളത്തിൽനിന്നു കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ യുവാക്കളിലൊരാൾ ഗുണ കേവ്സിലെ ഗർത്തത്തിൽ വീണപ്പോഴാണ് കൂടെയുണ്ടായിരുന്നവർ കൊടൈക്കനാൽ പൊലീസ് സ്റ്റേഷനിൽ സഹായം തേടിയത്. എന്നാൽ, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിരുന്നു. ഒരു പൊലീസുകാരനെ മാത്രമാണ് ഇവർക്കു സഹായത്തിനായി വിട്ടുനൽകിയത്. സിജു ഡേവിഡ് എന്ന യുവാവാണ് 120 അടിയോളം ആഴമുള്ള ഗർത്തത്തിൽനിന്നു സുഹൃത്തിനെ സാഹസികമായി രക്ഷിച്ചത്. ഈ സംഭവത്തെ ആധാരമാക്കിയാണു സിനിമ.

English Summary:

Shiju V Abraham explains why he gave complaint on torture faced by 'Manjummel Boys' team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com